തങ്ങളുടെ കൊവിഡ് വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദം; പ്രഖ്യാപനവുമായി അമേരിക്കന്‍ കമ്പനി മോഡേണ

വാഷിങ്ടണ്‍: കൊവിഡ്-19 നെതിരായ പരീക്ഷണാത്മക വാക്‌സീന്‍ 94.5 ശതമാനം ഫലപ്രദമാണെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ ബയോടെക് കമ്പനിയായ മോഡേണ. 30,000 ത്തിലധികം പേര്‍ പങ്കെടുത്ത ക്ലിനിക്കല്‍ ട്രയലില്‍ നിന്നുള്ള ഫലങ്ങളും മോഡേണ പുറത്തുവിട്ടു.നേരത്തെ യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറും തങ്ങളുടെ വാക്‌സീന്‍ 90 ശതമാനം ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചിരുന്നു

രണ്ട് വാക്‌സീനുകളും മെസഞ്ചര്‍ ആര്‍എന്‍എ എന്ന പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. മനുഷ്യ നിര്‍മിതമായ മെസെഞ്ചര്‍ ആര്‍എന്‍എകളെ ഉപയോഗിച്ച് മനുഷ്യ കോശങ്ങളെ വാക്‌സിന്‍ നിര്‍മിക്കുന്ന ഫാക്ടറികളാക്കുകയാണ് ചെയ്യുന്നത്.

ഫേസ് 3 പഠനം മോഡേണയുടെ വാക്‌സിന് കൊവിഡിനെ പ്രതിരോധിക്കാനാകുമെന്നതിന്റെ ആദ്യ തെളിവാണെന്ന് കമ്പനി മേധാവി സ്റ്റെഫനി ബാന്‌സെല്‍ പറയുന്നു. വളരെ തീവ്രത ഏറിയ രോഗത്തെയും ഈ വാക്‌സിന് ചെറുക്കുമെന്ന് സ്റ്റെഫനി പറഞ്ഞു.

യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ സഹകരണത്തോടെ ഉല്‍പാദിപ്പിച്ച മൊഡേണ വാക്‌സിന് 28 ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് നല്‍കുന്നത്. വാക്‌സിന്‍ നല്‍കിയ 30,000 കൊവിഡ് ബാധിതരില്‍ 95 പേരുടെ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക ഫലം തയ്യാറാക്കിയിരിക്കുന്നത്.

അമേരിക്കയിലും മറ്റു രാജ്യങ്ങളിലും വാക്‌സിന് ഉപയോഗത്തിനായുള്ള അപ്രൂവലിന് ക്രമീകരണങ്ങള്‍ കമ്പനി ചെയ്യുന്നുണ്ടെന്നാണ് വിവരം. വര്‍ഷാവസാനത്തോടെ 20 ദശലക്ഷം ഡോസുകള്‍ കയറ്റി അയയ്ക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Exit mobile version