വാക്‌സീന്‍ എടുത്തില്ല : യുഎസില്‍ 27 പേരെ വ്യോമസേനയില്‍ നിന്ന് പിരിച്ചുവിട്ടു

വാഷിംഗ്ടണ്‍ : കോവിഡ് വാക്‌സീന്‍ എടുക്കാന്‍ വിസമ്മതിച്ച 27 ഉദ്യോഗസ്ഥരെ യുഎസ് വ്യോമസേനയില്‍ നിന്ന് പുറത്താക്കി. വാക്‌സീന്‍ എടുക്കാത്തതിന് ഇത്തരത്തില്‍ ആദ്യമായാണ് സേന നടപടി സ്വീകരിക്കുന്നത്.

എല്ലാ സൈനിക അംഗങ്ങള്‍ക്കും ഓഗസ്റ്റില്‍ പെന്റഗണ്‍ വാക്‌സീന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഭൂരിപക്ഷം സൈനികരും ഒരു വാക്‌സീനെങ്കിലും സ്വീകരിച്ചവരാണ്. വാക്‌സീനെടുക്കാന്‍ നവംബര്‍ 2 വരെ സമയം നല്‍കിയിരുന്നെങ്കിലും ആയിരത്തോളം പേര്‍ വാക്‌സീന്‍ ഇനിയും എടുത്തിട്ടില്ല.4700 ഓളം പേര്‍ മതപരമായ കാരണങ്ങള്‍ നിരത്തി വാക്‌സീനെടുക്കാന്‍ വിമുഖത കാട്ടുകയാണ്.

പുറത്താക്കിയ സൈനികര്‍ക്ക് വാക്‌സീന്‍ സ്വീകരിക്കാത്തതിന്റെ കാരണം വിശദീകരിക്കാന്‍ അവസരം നല്‍കിയിരുന്നുവെങ്കിലും ഇളവ് നല്‍കാന്‍ പര്യാപ്തമായ വിശദീകരണം ആരും നല്‍കിയില്ലെന്ന് യുഎസ് വ്യോമസേനാ വക്താവ് ആന്‍ സ്‌റ്റെഫനെക് പറഞ്ഞു. യുഎസ് വ്യോമസേനയില്‍ 326000 സജീവ അംഗങ്ങളാണുള്ളത്. ഇതില്‍ 97 ശതമാനം പേരും വാക്‌സീന്‍ സ്വീകരിച്ചിട്ടുണ്ട്.

പുറത്താക്കിയ 27 പേര്‍ക്കും വാക്‌സീനെടുക്കാതിരിക്കാന്‍ മതപരമായതോ ആരോഗ്യവുമായി ബന്ധപ്പെട്ടതോ ആയ കാരണങ്ങളില്ല. യുഎസില്‍ പതിനെട്ട് വയസ്സിന് മുകളിലുള്ളവരില്‍ 72 ശതമാനവും വാക്‌സീന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചവരാണ്‌.

Exit mobile version