കൊവിഡ് രോഗിയുമായി സമ്പര്‍ക്കം; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

ലണ്ടന്‍: കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ക്വാറന്റൈനില്‍ പ്രവേശിക്കുന്ന വിവരം അറിയിച്ചത്.

നിലവില്‍ രോഗ ലക്ഷണങ്ങളില്ലെങ്കിലും താന്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയാണെന്നാണ് ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തത്. അതേസമയം ഔദ്യോഗിക കൃത്യനിര്‍വഹണവും ഗവണ്‍മെന്റിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ നേതൃത്വവും തുടരുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

ബോറിസ് ജോണ്‍സണ്‍ വ്യാഴാഴ്ച പാര്‍ലമെന്റംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗമായ ലീ ആന്‍ഡേഴ്സണ് പിന്നീട് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്നാണ് പ്രധാനമന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. നേരത്തേ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടിയിരുന്നു. നിലവില്‍ അദ്ദേഹം ആരോഗ്യവാനാണെന്നും ഡ്രൗണിങ് സ്ട്രീറ്റിലെ വസതിയില്‍ നിന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തുടരുമെന്നും പ്രധാനമന്ത്രിയുടെ വക്താവ് വ്യക്തമാക്കി.

Exit mobile version