ലോകപ്രശസ്തമായ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലെ ചുടുനീരുറവയില്‍ കോഴിയെ പാകം ചെയ്യാന്‍ ശ്രമം; സഞ്ചാരിക്ക് വിലക്ക്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രശസ്തമായ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലെ ചുടുനീരുറവയില്‍ കോഴിയെ പാകം ചെയ്യാന്‍ ശ്രമിച്ച സഞ്ചാരിക്ക് പാര്‍ക്കില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. രണ്ട് വര്‍ഷത്തേക്കാണ് സഞ്ചാരിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഐദാഹോ എന്ന സ്ഥലത്തുനിന്നുള്ള പത്തംഗസംഘത്തില്‍പ്പെട്ട സഞ്ചാരിയാണ് പാര്‍ക്കിലെ ചുടുനീരുറവയില്‍ കോഴിയെ പാകം ചെയ്യാന്‍ ശ്രമിച്ചത്. ചില നാട്ടുകാര്‍ ഈ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതിനേത്തുടര്‍ന്നെത്തിയ റേഞ്ചര്‍മാര്‍ കണ്ടത് ചൂടുള്ള ഉറവകളിലൊന്നില്‍ രണ്ട് കോഴികളെ ചാക്കില്‍ക്കെട്ടി താഴ്ത്തിയിട്ടിരിക്കുന്നതായിരുന്നു. ഒരു കലവും സമീപത്തുണ്ടായിരുന്നു. മറ്റ് രണ്ടുപേരും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു.


പാര്‍ക്കില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് പുറമെ കാല്‍നടയാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രവേശനം നിരോധിച്ചയിടം സന്ദര്‍ശിച്ചു എന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഓരോ കുറ്റത്തിനും 600 ഡോളര്‍ പിഴയാണ് ചുമത്തിയിരിക്കുന്നത്.

യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലെ ചുടുനീരുറവയില്‍ സന്ദര്‍ശകര്‍ പാചകം ചെയ്യാന്‍ ശ്രമിക്കുന്നത് ഇത് ആദ്യമല്ല. 2001 ല്‍ സിയാറ്റിലില്‍ നിന്നുള്ള ഒരു പ്രമുഖ ടെലിവിഷന്‍ താരം തന്റെ ഷോയ്ക്കായി ഉറവയ്ക്കടുത്ത് ഒരു ദ്വാരം കുഴിച്ച് ചിക്കന്‍ വിഭവമുണ്ടാക്കിയിരുന്നു. പ്രകൃതിദത്ത ചൂട് പാചക ആവശ്യങ്ങള്‍ക്കായി എങ്ങനെ ഉപയോഗിക്കാമെന്ന് ലോകത്തെ കാണിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ അദ്ദേഹത്തിന് 150 ഡോളര്‍ പിഴയും ഒരു ദേശീയ ഉദ്യാനത്തിലെ ധാതു നിക്ഷേപത്തെ തടസ്സപ്പെടുത്തിയതിന് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലാവധിയും നല്‍കിയിരുന്നു.


യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലെ ചൂടുനീരുറവകള്‍ അങ്ങേയറ്റം അപകടകരവും പ്രവചനാതീതവുമാണ്. ചൂട് നിരുറവകളും ഉഷ്ണജല സ്രോതസുകളില്‍ നിന്നുയരുന്ന ചൂട് നീരാവിയും നിറഞ്ഞ പ്രദേശമായതിനാല്‍ യെല്ലോ സ്റ്റോണിലെത്തുന്ന സഞ്ചാരികള്‍ പ്രത്യേകമൊരുക്കിയ പാതകളിലൂടെ തന്നെ നീങ്ങണമെന്ന് അധികൃതര്‍ എപ്പോഴും മുന്നറിയിപ്പ് നല്‍കാറുമുണ്ട്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാതെ സഞ്ചരിച്ച നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയോ മരണം സംഭവിക്കുകയോ ചെയ്ത ചരിത്രം യെല്ലോസ്റ്റോണിലുണ്ട്. 3,500 ചതുരശ്ര മൈല്‍ വ്യാപിച്ചു കിടക്കുന്ന യെല്ലോ സ്റ്റോണ്‍ ഐഡഹോ, മൊണ്ടാന, വയോമിംഗ് എന്നീ സംസ്ഥാനങ്ങളില്‍ വ്യാപിച്ചു കിടക്കുകയാണ്.

Exit mobile version