ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്തും ജലത്തിന്റെ സാന്നിധ്യം; പുതിയ കണ്ടെത്തലുമായി നാസ

ന്യൂയോര്‍ക്ക്: ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്തും ജലത്തിന്റെ സാന്നിധ്യം. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് ഈ നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. ഇത് ആദ്യമായാണ് ചന്ദ്രന്റെ ഈ ഭാഗത്ത് ജലതന്മാത്രകള്‍ ഉണ്ടെന്ന് തെളിയുന്നത്. പുതിയ കണ്ടെത്തല്‍ ചാന്ദ്ര ദൗത്യത്തില്‍ ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ചന്ദ്രനിലെ തെക്കന്‍ അര്‍ധ ഗോളത്തിലാണ് ജലതന്മാത്രകളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ചന്ദ്രനില്‍ ഭൂമിയില്‍ നിന്ന് ദൃശ്യമാവുന്ന ഏറ്റവും വലിയ ഗര്‍ത്തങ്ങളില്‍ ഒന്നായ ക്ലാവിയസിലാണ് ഇപ്പോള്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

തണുത്തതും നിഴല്‍ ഏല്‍ക്കുന്നതുമായ ഇടങ്ങളിലോ ഉപരിതലത്തില്‍ വിസ്തൃതമായോ മാത്രമല്ല, ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യമുള്ളത് എന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. വെള്ളം ചന്ദ്രനില്‍ ഇനി കൂടുതല്‍ വ്യാപിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. ഭാവിയില്‍ ബഹിരാകാശ ഗവേഷകര്‍ക്ക് ദാഹം മാറ്റാന്‍ മാത്രമല്ല ഈ ജലം ഉപയോഗിക്കാവുന്നതെന്നാണ് നാസയുടെ നിരീക്ഷണം. ഭാവിയിലെ ചാന്ദ്ര പര്യവേക്ഷണങ്ങളില്‍ നിര്‍ണായകമാകുന്ന കണ്ടെത്തലാണ് ഇതെന്നുമാണ് നാസ വ്യക്തമാക്കിയത്.

Exit mobile version