കോവിഡ് ചികിത്സയില്‍ വന്‍ വഴിത്തിരിവ്; ഫലപ്രദമായ ചികിത്സ കണ്ടെത്തി സ്‌പെയിനിലെ ഗവേഷകര്‍

സ്‌പെയിന്‍: ശമനമില്ലാതെ ലോകത്താകമാനം കോവിഡ് പടര്‍ന്നുപിടിക്കുകയാണ്. വൈറസ് വ്യാപനം തടയാന്‍ കോവിഡ് വാക്‌സിനായുള്ള പരീക്ഷണശാലയിലാണ് മിക്ക രാജ്യങ്ങളും. അതിനിടെ സ്‌പെയിനില്‍ നിന്നും പുറത്തുവരുന്നത് ആശ്വാസമേകുന്ന വാര്‍ത്തയാണ്.

സ്‌പെയിനിലെ ഗവേഷകര്‍ 4-ഫിനൈല്‍ബുടിറിക് ആസിഡ്(4-പിബിഎ) എന്ന പേരില്‍ കോവിഡിന് ഫലപ്രദമായ ചികിത്സ കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഓഫ് മലാഗയിലെയും സ്‌പെയിനിലെ സ്വയംഭരണാവകാശമുള്ള പ്രവിശ്യയായ ആന്‍ഡുലേഷ്യയിലെ ആന്‍ഡുലേഷ്യന്‍ സെന്റര്‍ ഫോര്‍ നാനോമെഡിസിന്‍ ആന്‍ഡ് ബയോടെക്‌നോളജിയിലെയും ഗവേഷകരും ചേര്‍ന്ന് നടത്തിയ പഠനമാണ് കോവിഡ് ചികിത്സയില്‍ വഴിത്തിരിവാകാവുന്ന കണ്ടെത്തല്‍ നടത്തിയത്.

ആന്‍ഡുലേഷ്യന്‍ സര്‍ക്കാരിന്റെ കോവിഡ് ഫണ്ട് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ഇതിനായി 90,000 യൂറോ ഗവണ്മെന്റ് ചെലവഴിച്ചു. കോവിഡ് അണുബാധയോടുള്ള പ്രതികരണത്തിന്റെ ഭാഗമായി വലിയ അളവില്‍ നിയന്ത്രണമില്ലാതെ ശരീരത്തില്‍ പുറപ്പെടുവിക്കുന്ന സൈറ്റോകീനുകള്‍ നിരവധി പ്രത്യാഘാതങ്ങള്‍ ശരീരത്തിന് ഉണ്ടാക്കാറുണ്ട്. ഒരേ സമയം നിരവധി അവയവങ്ങള്‍ തകരാറിലാകാന് സൈറ്റോകീന്‍ സ്റ്റോം എന്നറിയപ്പെടുന്ന ഈ പ്രതിഭാസം കാരണമാകും.

ശരീരത്തിലെ കോശങ്ങള്‍ സമ്മര്‍ദത്തിലാകുമ്പോഴാണ് സൈറ്റോകീനുകള്‍ പുറപ്പെടുവിക്കുന്നത്. സമ്മര്‍ദത്തിന്റെ തോത് ഉയരുന്നതോടെ സൈറ്റോകീന്‍ അളവും കൂടും. കോശങ്ങള്‍ക്കുണ്ടാകുന്ന ഈ സമ്മര്‍ദത്തെ ലഘൂകരിക്കുകയാണ് ഈ പുതിയ ചികിത്സയുടെ ലക്ഷ്യമെന്ന് ഗവേഷകര്‍ പറയുന്നു.

ആന്റി സ്‌ട്രെസ് മരുന്നായ 4-പിബിഎ ഇത്തരത്തില്‍ കോശങ്ങളുടെ സമ്മര്‍ദം ലഘൂകരിക്കാന്‍ സഹായിക്കും. മറ്റ് രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗത്തിനുള്ള ഈ മരുന്ന് കോവിഡിനും ഉപയോഗിക്കാമെന്ന് മൃഗങ്ങളില്‍ നടത്തിയ പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തി.

കോശങ്ങളുടെ സമ്മര്‍ദത്തിന്റെ തോത് അളക്കാന്‍ രക്തത്തിലെ ബൈന്‍ഡിങ്ങ് ഇമ്മ്യൂണോഗ്ലോബുലിന് പ്രോട്ടീന്റെ സാന്നിധ്യം കൊണ്ട് അറിയാന്‍ സാധിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. 4-പിബിഎ ചികിത്സയുടെ ഫലപ്രാപ്തിയും ഇതേ പ്രോട്ടീന്റെ ശരീരത്തിലെ തോതിലൂടെ തിരിച്ചറിയാന്‍ സാധിക്കും.

Exit mobile version