ഇംഗ്ലണ്ടില്‍ ക്വാറന്റൈന്‍ ചട്ടങ്ങള്‍ ലംഘിച്ചാല്‍ 9.5 ലക്ഷം രൂപ പിഴ; കടുപ്പിച്ച് ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ 9.5 ലക്ഷം (10000 പൗണ്ട്/12914 ഡോളര്‍) രൂപ വരെ പിഴയീടാക്കാന്‍ നിര്‍ദേശം. കൊവിഡ് ബാധിച്ച ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ അയാള്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണം. ഈ ചട്ടം ലംഘിക്കുന്നവരില്‍നിന്ന് 10,000 പൗണ്ട് വരെ പിഴ ഈടാക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സെപ്റ്റംബര്‍ 28 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് പോസ്റ്റീവാണെന്ന് സ്ഥിരീകരിക്കുകയോ കൊവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ സ്വയം ക്വാറന്റൈനില്‍ പോകണം. നിയമം അവഗണിക്കുന്നവര്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ജോണ്‍സണ്‍ പ്രത്യേകം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ആദ്യ കുറ്റം ചെയ്യുന്നവര്‍ക്ക് 1000 പൗണ്ട് പിഴ ഈടാക്കും. ആവര്‍ത്തിച്ച് കുറ്റം ചെയ്താല്‍ പിഴ 10,000 ആയി ഉയരും. ക്വാറന്റൈനില്‍ കഴിയുന്ന താഴ്ന്ന വരുമാനക്കാര്‍ക്ക് 500 പൗണ്ട് അധിക ആനുകൂല്യം നല്‍കും. ചികിത്സാ ആനൂകൂല്യങ്ങളടക്കമുള്ളതിന് പുറമെ ആയിരിക്കും ഇതെന്നും നല്‍കുന്ന നിര്‍ദേശത്തില്‍ പറയുന്നു.

Exit mobile version