ബെയ്‌റൂട്ടില്‍ ഒരു മാസം മുമ്പ് ഉഗ്ര സ്‌ഫോടനം ഉണ്ടായ തുറമുഖത്ത് വന്‍ തീപിടുത്തം; ഓടി രക്ഷപ്പെട്ട് ജനങ്ങളും

ബെയ്റൂട്ട്: ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ തുറമുഖത്ത് വന്‍ തീപിടുത്തം. ഒരു മാസം മുമ്പ് ഉഗ്ര സ്‌ഫോടനം നടന്ന അതേ തുറമുഖത്ത് തന്നെയാണ് തീപിടുത്തമുണ്ടായത്. അതേസമയം, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീ ആളിക്കത്തുന്നതിന്റേയും ആകാശത്തേക്ക് കറുത്ത പുക ഉയരുന്നതിന്റേയും ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.

പ്രദേശത്ത് നിന്ന് ആളുകള്‍ ഓടിരക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ബെയ്റൂട്ട് തുറമുഖത്തിന്റെ ഫ്രീസോണിലുള്ള എണ്ണയുടേയും ടയറുകളുടേയും ഗോഡൗണിന് തീപിടിച്ചെന്നാണ് ലെബനന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചത്.

ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. സൈന്യത്തിന്റെ നേതൃത്വത്തില്‍ സമീപവാസികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ നടക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version