80 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുങ്ങിപ്പോയ ജര്‍മന്‍ യുദ്ധക്കപ്പല്‍ ഗവേഷകര്‍ കണ്ടെത്തി

നോര്‍വേ: രണ്ടാം ലോകമഹായുദ്ധകാലത്ത് മുങ്ങിപ്പോയ ജര്‍മന്‍ യുദ്ധക്കപ്പല്‍ ഗവേഷകര്‍ കണ്ടെത്തി. 80 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുങ്ങിപ്പോയ കാള്‍സുവ ക്രൂയിസര്‍ നോര്‍വേ സമുദ്രനിരപ്പില്‍ നിന്ന് 1600 അടി താഴെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. 571 അടി നീളമാണ് ഈ കപ്പലിനുള്ളത്. 1940ല്‍ യുദ്ധത്തില്‍ പങ്കെടുത്തതിന്റെ ശേഷിപ്പുകളായി ജര്‍മന്‍ പടയെ സൂചിപ്പിക്കുന്ന അടയാളങ്ങളും കപ്പലില്‍ ഉണ്ടായിരുന്നു.

നോര്‍വീജിയന്‍ സ്റ്റേറ്റ് പവര്‍ഗ്രിഡ് ഓപ്പറേറ്ററായ സ്റ്റാനെറ്റ് ആണ് കപ്പല്‍ പര്യവേഷണ ഉദ്യമത്തിന് നേതൃത്വം കൊടുത്തത്. യുദ്ധത്തില്‍ ബ്രിട്ടീഷ് നാവിക സേനയുടെ ആക്രമണത്തില്‍പ്പെട്ട കപ്പല്‍ ജര്‍മന്‍ പടയാളികള്‍ തന്നെ കടലില്‍ മുക്കുകയായിരുന്നുവെന്നാണ് സ്റ്റാനെറ്റ് പറഞ്ഞത്.

മൂന്ന് വര്‍ഷം മുമ്പ് സമുദ്രാന്തര്‍ കേബിളിന്റെ സമീപത്ത് പരിശോധന നടത്തുന്നതിനിടെയാണ് പതിനഞ്ച് മീറ്റര്‍ മാറി കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇതിനെ കുറിച്ച് കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും നടത്തുകയായിരുന്നു. സീനിയര്‍ പ്രോജക്ട് എഞ്ചിനീയറായ ഓലേ പീറ്ററിന്റെ നേതൃത്വത്തിലാണ് സമുദ്രാന്തര്‍ പര്യവേഷണം നടത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചത്. ആര്‍ഒവി(റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍), എക്കോ സൗണ്ടേര്‍സ് തുടങ്ങിയ സങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് അടിത്തട്ടിലുള്ള കപ്പലിന്റെ കൂടുതല്‍ വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിച്ചത്.

Exit mobile version