ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 7000ത്തോളം ആരോഗ്യപ്രവര്‍ത്തകര്‍, ഇന്ത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടത് 573 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ ഇങ്ങനെ

ലോകത്ത് ഇതുവരെ ഏഴായിരത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. ആംനസ്റ്റി ഇന്റര്‍നാഷണലാണ് കണക്കുകള്‍ പുറത്ത് വിട്ടത്. ഏറ്റവുമധികം മരണം മെക്‌സിക്കോയിലാണ് സംഭവിച്ചിരിക്കുന്നത്. 1300 ആരോഗ്യ പ്രവര്‍ത്തകരാണ് ഇവിടെ മാത്രം മരണപ്പെട്ടത്.

ഇന്ത്യയില്‍ ഇതുവരെ 573 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അമേരിക്കയില്‍ 1077 ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചു. മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഏഴായിരത്തിലധികം ആളുകള്‍ മരിക്കുന്നത്. ഇതൊരു വലിയ പ്രതിസന്ധിയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജോലിസ്ഥലത്ത് സുരക്ഷിതമായിരിക്കാന്‍ അവകാശമുണ്ട്. പലരും സ്വന്തം ജീവന്‍ നല്‍കേണ്ടി വരുന്നത് ഖേദകരമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ സാമ്പത്തിക സാമൂഹ്യനീതി മേധാവി സ്റ്റീവ് കോക്ക്‌ബേണ്‍ പറയുന്നു.

കൊവിഡ് മാസങ്ങള്‍ പിന്നിട്ടിട്ടും, ആരോഗ്യ പ്രവര്‍ത്തകര്‍ മെക്‌സിക്കോ, ബ്രസീല്‍, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോഴും ഭയാനകമായ നിരക്കിലാണ് ജീവന്‍ പൊലിയുന്നത്. അതേസമയം തന്നെ ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും അതിവേഗം രോഗം വ്യാപിക്കുകയുമാണ്. ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷയെക്കുറിച്ച് ആശങ്ക ഉന്നയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മതിയായ സുരുക്ഷാ ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ആഗോള സഹകരണം ഉണ്ടാകണം. അത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്വന്തം ജീവന്‍ പണയപ്പെടുത്താതെ അവരുടെ ജോലി തുടരാന്‍ സഹായിക്കുമെന്നും സ്റ്റീവ് കോക്ക്‌ബേണ്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version