മലപ്പുറത്ത് വാക്‌സിനേഷന്‍ ക്യാമ്പിനിടെ വനിത ജീവനക്കാരി ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയില്‍ വനിത ജീവനക്കാരി ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം. വാക്സിന്‍ എടുക്കാന്‍ എത്തിയ ആളാണ് ആരോഗ്യപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ രാജേഷ്, ശബരിഗീരിഷ്, ജൂനിയര്‍ ഹെല്‍ത്ത് വര്‍ക്കര്‍ രമണി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

മര്‍ദനത്തില്‍ പരിക്കേറ്റവരെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം കൊണ്ടോട്ടി ചിറയില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വാക്സിനേഷന്‍ ക്യാമ്പിനിടെയാണ് സംഭവം നടന്നത്. വാക്സിനെടുക്കാന്‍ എത്തിയ രണ്ട് പേര്‍ ചേര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു.

എപ്പോള്‍ വാക്സിന്‍ നല്‍കുമെന്ന് ചോദിച്ചയാളോട് സാങ്കേതിക തകരാര്‍ ഉണ്ടെന്നും ഉടന്‍ പരിഹിരിക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ മെഡിക്കല്‍ ഓഫീസറെ കാണണമെന്ന് പറഞ്ഞ് വാക്സിന്‍ എടുക്കാന്‍ എത്തിയ ആള്‍ ബഹളം വെച്ചു. ഇത് ശരിയല്ലെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറയുകയും ബഹളം വെച്ച ഇവരെ ജീവനക്കാര്‍ പിടിച്ചുമാറ്റാനെത്തുകയും ചെയ്തു. ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ ആരോഗ്യപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തത്.

Exit mobile version