പബ്ജി ഉൾപ്പടെ നിരോധിച്ച ‘തെറ്റ്’ ഇന്ത്യ തിരുത്തണം; ശക്തമായ പ്രതിഷേധം അറിയിച്ച് ചൈന

ബെയ്ജിങ്: അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിന് പിന്നാലെ പബ്ജിയടക്കം 118 ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ നടപടിയിൽ പ്രതിഷേധം. ആപ്പുകൾ ഇന്ത്യ നിരോധിച്ചതിൽ ശക്തമായ പ്രതിഷേധമറിയിച്ച് ചൈന രംഗത്തെത്തി. ഇന്ത്യ തെറ്റ് തിരുത്താൻ തയാറാകണമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഇത്തരം നടപടികൾ ഇന്ത്യയിലെ ചൈനീസ് നിക്ഷേപകരുടേയും സേവനദാതാക്കളുടേയും താൽപര്യങ്ങളെ ഹനിക്കുന്നതാണെന്നും ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് പറഞ്ഞു.

അതിർത്തിയിൽ ചൈന പ്രകോപനം തുടർന്നതോടെയാണ് 118 ആപ്പുകൾ നിരോധിക്കാൻ കേന്ദ്ര ഐടി മന്ത്രാലയം തീരുമാനമെടുത്തത്. ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് ആപ്പുകൾ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും മാനിച്ചും പ്രതിരോധം, സുരക്ഷ എന്നിവ മുൻനിർത്തിയുമാണ് നടപടിയെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്ത് 33 ലക്ഷം പേർ പബ്ജി കളിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ടിക്‌ടോക്ക്, യുസി ബ്രൗസർ, എക്‌സെൻഡർ അടക്കം 59 ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ജൂൺ 15ന് ലഡാക്കിൽ ചൈനീസ് ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയായിരുന്നു കേന്ദ്ര സർക്കാർ നീക്കം.

Exit mobile version