തേനീച്ചകളിലെ വിഷം സ്തനാര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതായി പഠന റിപ്പോര്‍ട്ട്

ഓസ്ട്രേലിയ: തേനീച്ചയുടെ വിഷം സ്തനാര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതായി പഠന റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഹാരി പെര്‍കിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഇതില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും സ്ഥാപനം വ്യക്തമാക്കി. ഈ പഠനറിപ്പോര്‍ട്ട് നേച്ചര്‍ പ്രിസിഷന്‍ ഓങ്കോളജിയിലാണ് പ്രസിദ്ധീകരിച്ചത്.

തേനീച്ചയുടെ വിഷത്തില്‍ അടങ്ങിയ മിലിറ്റിന്‍ എന്ന സംയുക്തം മാരകവും ചികിത്സ ഏറെ ബുദ്ധിമുട്ടുള്ളതുമായ ട്രിപ്പിള്‍ നെഗറ്റീവ്, എച്ച്ഇആര്‍2 എന്നീ രണ്ട് സ്തനാര്‍ബുദങ്ങള്‍ക്കെതിരേ ഫലപ്രദമാണെന്നാണ് പരീക്ഷണങ്ങളില്‍ തെളിഞ്ഞത്. 300 തേനീച്ചകളില്‍ നിന്നുള്ള വിഷം ശേഖരിച്ചാണ് പഠനം നടത്തിയത്. ഇവയ്ക്ക് ഉഗ്രവീര്യമുള്ളതായി കണ്ടെത്തിയതായും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷക കിയാറ ഡഫി പറഞ്ഞു. ഇതിലെ ഒരു സംയോജനം, മറ്റ് കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താതെതന്നെ, അര്‍ബുദകോശങ്ങളെ ഒരു മണിക്കൂറിനുള്ളില്‍ നശിപ്പിച്ചതായും ഡഫി വ്യക്തമാക്കി.

അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയാനും അവയെ നശിപ്പിക്കാനും മിലിറ്റിന്‍ സംയുക്തത്തിന് കഴിയുമെന്നാണ് ഡഫി പറഞ്ഞത്. ശസ്ത്രക്രിയ, റേഡിയോതെറാപ്പി, കീമോതെറാപ്പി ചികിത്സകളാണ് ട്രിപ്പിള്‍ നെഗറ്റീവ് സ്തനാര്‍ബുദത്തിന് നിലവിലുള്ളത്. സ്തനാര്‍ബുദങ്ങളുടെ 10-15 ശതമാനവും ഏറ്റവും മാരകമായ ട്രിപ്പിള്‍ നെഗറ്റീവാണ്. നേരത്തേ തേനീച്ചയുടെ വിഷം മെലനോമ ഉള്‍പ്പെടെയുള്ള മറ്റു കാന്‍സറുകള്‍ക്ക് എതിരെ ഫേലപ്രദമാണെന്ന് തെളിഞ്ഞതാണ്.

Exit mobile version