അപൂര്‍വ്വമായ മഞ്ഞ നിറമുള്ള ആമയെ കണ്ടെത്തി; കൂര്‍മ്മാവതാരമെന്ന് വിശ്വാസികള്‍, ജനിതക തകരാറെന്ന് ശാസ്ത്രം

കാഠ്മണ്ഡു: അപൂര്‍വമായി കാണുന്ന മഞ്ഞ നിറമുള്ള ആമയെ നേപ്പാളിലെ ധനുഷാ ജില്ലയില്‍ കണ്ടെത്തി. ഇന്ത്യന്‍ ഫ്‌ലാപ് ഷെല്‍ ആമയിനത്തില്‍പ്പെടുന്ന മഞ്ഞ നിറമുള്ള ആമയെ ആണ് കണ്ടെത്തിയത്. ഈ ആമയെ ദൈവമായി കണ്ട് ആരാധിക്കുകയാണ് നേപ്പാളുകാര്‍.ഹിന്ദു വിശ്വാസങ്ങളിലെ ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമായ കൂര്‍മ്മാവതാരമായാണ് നേപ്പാളുകാര്‍ ഈ ആമയെ
കാണുന്നത്. ഇതിന് പിന്നാലെ ആമയെ ആരാധിക്കാനായി നിരവധിപ്പേരാണ് എത്തുന്നതെന്ന് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതെസമയം ജനിതക തകരാറാണ് ആമയുടെ നിറം മാറ്റത്തിന് പിന്നിലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ക്രൊമാറ്റിക് ല്യൂസിസം എന്ന തകരാറാണ് തിളങ്ങുന്ന മഞ്ഞനിറം ആമയ്ക്ക് കിട്ടാന്‍ കാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ തകരാര്‍ ഉള്ള ജീവികളില്‍ ത്വക്കിന്റെ നിറം വിളറിയ, മഞ്ഞ നിറങ്ങളിലാണ് കാണപ്പെടുക. മൃഗങ്ങളില്‍ കളര്‍ പിഗ്മെന്റേഷന്റെ അഭാവത്തിലും ഇങ്ങനെ സംഭവിക്കാറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

എന്നാല്‍ പ്രപഞ്ചത്തെ രക്ഷിക്കാനുള്ള അവതാരമായാണ് ഈ ആമയെ നേപ്പാളുകാര്‍ കാണുന്നത്. പ്രപഞ്ചത്തെ നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ അവതാരമെടുത്ത ഭഗവാന്‍ വിഷ്ണുവാണ് ഈ ആമയെന്നാണ് നേപ്പാളുകാര്‍ വിശ്വസിക്കുന്നത്. നേപ്പാളില്‍ കണ്ടെത്തിയ ആമയ്ക്ക് ആത്മീയ പ്രാധാന്യമുണ്ടെന്നാണ് ഉരഗങ്ങളെക്കുറിച്ച് പഠനം നടത്തുന്ന കമാല്‍ ദേവ്‌കോട്ട എന്നയാള്‍ അവകാശപ്പെടുന്നത്.

ഹിന്ദു പുരാണങ്ങളുടെ അടിസ്ഥാനത്തില്‍ കൂര്‍മ്മാവതാരമാണ് ഭഗവാന്‍ വിഷ്ണുവിന്റെ ഈ അവതാരം അറിയപ്പെടുന്നത്. ആമയുടെ പുറം തോട് ആകാശത്തേയും താഴ് ഭാഗത്തെ തോട് ഭൂമിയേയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്നും കമാല്‍ ദേവ്‌കോട്ട വാദിക്കുന്നു.

നേപ്പാളില്‍ ആദ്യമായാണ് മഞ്ഞ നിറമുള്ള ആമയെ കണ്ടെത്തുന്നത്. ലോകത്തില്‍ ഇത്തരത്തിലെ അഞ്ച് ആമകളെ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. പരിസ്ഥിതിയില്‍ ഇവയ്ക്ക് സാധാരണ നിലയില്‍ വളരാന്‍ ഏറെ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. മറ്റ് മൃഗങ്ങള്‍ക്ക് ഇവയുടെ നിറം എളുപ്പത്തില്‍ തിരിച്ചറിഞ്ഞ് ആക്രമിക്കാന്‍ കാരണമാകുന്നതായാണ് നിരീക്ഷണം.

Exit mobile version