‘അമേരിക്കയുടെ അവസ്ഥ കീറിപ്പറിഞ്ഞ നിലയിലാണ്, സ്വന്തം ജോലി ചെയ്യാനറിയാത്തയാളെ ഈ പണി ഏല്‍പിച്ചാല്‍ ഇങ്ങനെയുണ്ടാകും’; ട്രംപിനെതിരെ ആഞ്ഞടിച്ച് കമല ഹാരിസ്

ഡെലവര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ്. അമേരിക്കയുടെ അവസ്ഥ കീറിപ്പറിഞ്ഞ നിലയിലാണെന്നും സ്വന്തം ജോലി ചെയ്യാനറിയാത്തയാളെ ഈ പണി ഏല്‍പിച്ചാല്‍ ഇങ്ങനെയുണ്ടാകുമെന്നും ഒരു നേതാവിന് വേണ്ടി കരയുകയാണ് അമേരിക്കയെന്നുമാണ് കമലാ ഹാരിസ് പറഞ്ഞത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പമുള്ള ആദ്യത്തെ പ്രചാരണയോഗത്തിലാണ് കമല ട്രംപിനെതിരെ ഇത്തരത്തില്‍ ആഞ്ഞടിച്ചത്. ഡെലവറിലെ വില്‍മിംഗ്ടണിലായിരുന്നു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആദ്യത്തെ പ്രചാരണപരിപാടി നടന്നത്.

‘അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപരിഷ്‌കരണനടപടികളാണ് ഒബാമ, ബൈഡന്‍ ഭരണകാലത്തുണ്ടായത്. അത് ട്രംപിന്റെ കാലത്ത് നിലംപൊത്തി. സ്വന്തം ജോലി ചെയ്യാനറിയാത്തയാളെ ഈ പണി ഏല്‍പിച്ചാല്‍ ഇങ്ങനെയുണ്ടാകും. അമേരിക്കയുടെ അവസ്ഥ കീറിപ്പറിഞ്ഞ നിലയിലാണ്’ എന്നാണ് കമല ഹാരിസ് പ്രചാരണ പരിപാടിയില്‍ പറഞ്ഞത്.

കൊവിഡ് പ്രതിരോധം ഉയര്‍ത്തിക്കാട്ടിയാണ് കമല ഹാരിസ് ട്രംപിനെതിരെ ആഞ്ഞടിക്കുന്നത്. എബോള രോഗബാധയുണ്ടായപ്പോള്‍ മരിച്ചത് വെറും രണ്ട് അമേരിക്കക്കാര്‍ മാത്രമായിരുന്നുവെന്നും, അന്ന് പ്രസിഡന്റായിരുന്നത് ഒബാമയും വൈസ് പ്രസിഡന്റ് ബൈഡനുമായിരുന്നുവെന്നും കമല ഓര്‍മിപ്പിച്ചു. കൊവിഡ് കാലത്ത് സാമ്പത്തികരംഗത്തെ അമേരിക്കയുടെ നിലനില്‍പ്പ് ട്രംപ് താളം തെറ്റിച്ചെന്നും കമല പറഞ്ഞു.

Exit mobile version