ജിയോയിൽ ഫേസ്ബുക്ക് നിക്ഷേപം നടത്തിയതിന് പിന്നാലെ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ സുക്കർബർഗിന് ഭീഷണിയായി അംബാനി

ജിയോ പ്ലാറ്റ്‌ഫോംസിൽ വലിയ തോതിൽ നിക്ഷേപം നടത്തിയ ഫേസ്ബുക്കിന്റെ സ്ഥാപകൻ മാർക്ക് സുക്കർബർഗിന് ലോകകോടീശ്വര പട്ടികയിൽ ഭീഷണി ഉയർത്തി ജിയോ ഉടമ മുകേഷ് അംബാനി! സുക്കർബർഗിന്റെ ഫേസ്ബുക്ക് 43,574 കോടി രൂപ നിക്ഷേപിച്ചതിനുപിന്നാലെയാണ് വിദേശ നിക്ഷേപകർ കൂട്ടത്തോടെ ജിയോ പ്ലാറ്റ് ഫോമിലെത്തിയതും ഇതിന്റെ ബലത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില കുതിച്ചതും. ഇതിലൂടെ മുകേഷ് അംബാനി ലോക കോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. ലോകകോടീശ്വര പട്ടികയിൽ സുക്കർബർഗിന് തൊട്ടുപിന്നിലാണ് അംബാനിയുടെ സ്ഥാനം.

വെള്ളിയാഴ്ചയിലെ കണക്കുപ്രകാരം അംബാനിയുടെ ആസ്തി 88.22 ബില്യൺ ഡോളറാണ്. ഈ വർഷം 22 ബില്യൺ ഡോളറിന്റെ വർധനവും അദ്ദേഹം സ്വന്തമാക്കി. സുക്കർബർഗിന്റെ ആസ്തിയാകട്ടെ 102 ബില്യൺ ഡോളറാണ്. ഈ വർഷം സുക്കർബർഗിന്റെ ആസ്തിയിലുണ്ടായ വർധന 23.2 ബില്യൺ ഡോളറാണ്.

ജിയോ പ്ലാറ്റ്‌ഫോമിൽ 33,737 കോടി രൂപ നിക്ഷേപിച്ച ആൽഫബറ്റി(ഗൂഗിൾ)ന്റെ സ്ഥാപകരായ ലാറി പേജും സെർജി ബ്രിനും ലോക കോടീശ്വരന്മാരിൽ എട്ടും ഒമ്പതും സ്ഥാനത്താണുള്ളത്. മാർച്ചിലെ താഴ്ന്ന നിലവാരമായ 867 രൂപയിൽനിന്ന് റിലയൻസിന്റെ ഒഹരിവില കുതിച്ചത് 147ശതമാനമാണ്. ജെഫ് ബെസോസാണ് ലോകകോടീശ്വര പട്ടികയിൽ ഒന്നാമൻ. ബിൽ ഗേറ്റ്‌സ്, മാർക്ക് സക്കർബർഗ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

Exit mobile version