ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ്; ആയുധധാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തി

വാഷിംഗ്ടണ്‍: ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ്. യുഎസ് പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് 5.50 ന് വൈറ്റ് ഹൗസിന് അടുത്തായി പെന്‍സില്‍വാനിയയിലെ 17-ാം സ്ട്രീറ്റിലാണ് സംഭവം നടന്നത്. ആയുധധാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തി. ഒരു സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ ട്രംപ് കൊവിഡുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ പുറത്തേക്ക് പോകാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.

തുടര്‍ന്ന് പത്ത് മിനിട്ടിന് ശേഷം തിരിച്ചെത്തിയ ട്രംപ് തന്നെയാണ് വൈറ്റ് ഹൗസിന് പുറത്ത് ഒരു വെടിവെപ്പ് നടന്നതായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. വൈറ്റ് ഹൗസിന് പുറത്ത് അക്രമി മറ്റൊരാളെ വെടിവെയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ ഇയാളെ സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഗുരുതരമായ പരിക്കുകളോടെ ആയുധധാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം വൈറ്റ് ഹൗസ് നില്‍ക്കുന്ന സ്ഥലത്തിന് പുറത്തുവെച്ചാണ് സംഭവം നടന്നതെന്നും സുരക്ഷാ പാളിച്ച ഉണ്ടായിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിക്കുകയും ഇവരുടെ അടുത്ത് താന്‍ സുരക്ഷിതനാണെന്നും അടിയന്തര ഘട്ടങ്ങളില്‍ വേണ്ടത് ചെയ്യാന്‍ അവര്‍ക്ക് അറിയാമെന്നും ട്രംപ് പറഞ്ഞു.

Exit mobile version