ഒടുവില്‍ വഴങ്ങി; ആദ്യമായി പൊതുസ്ഥലത്ത് മാസ്‌ക് അണിഞ്ഞ് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഒടുവില്‍ പൊതുസ്ഥലത്ത് മാസ്‌ക് അണിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആദ്യമായാണ് അദ്ദേഹം മാസ്‌ക് അണിഞ്ഞ് പൊതുനിരത്തില്‍ എത്തുന്നത്. ശനിയാഴ്ച വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ആരോഗ്യപ്രവര്‍ത്തകരെയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

‘നിങ്ങള്‍ ഒരു ആശുപത്രിയിലാണെങ്കില്‍ മാസ്‌ക് ധരിക്കുന്നത് ഉത്തമമാണെന്ന് ഞാന്‍ കരുതുന്നു’, വൈറ്റ് ഹൗസില്‍ നിന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് ട്രംപ് മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു. അതേസമയം, ഹെലികോപ്ടറില്‍ സൈനിക ആശുപത്രിയിലെത്തിയ ട്രംപ് ആശുപത്രിക്കുള്ളില്‍ മാസ്‌ക്കണിഞ്ഞിരുന്നെങ്കിലും ഹെലികോപ്ടറില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ മാസ്‌ക് ധരിച്ചിരുന്നില്ല.

ജനങ്ങള്‍ മാസ്‌കും സാനിറ്റൈസറും മറ്റും തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുമ്പോള്‍ അധികാരി തന്നെ നിയമം ലംഘിക്കുന്നത് വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. യുഎസില്‍ 3.2 ദശലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 ബാധിച്ചത്. ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തോളം പേര്‍ മരണപ്പെടുകയും ചെയ്തു. സ്ഥിതി രൂക്ഷമായി തുടരുമ്പോഴും ഔദ്യോഗിക യോഗങ്ങളിലും പൊതുപരിപാടികളിലും മാസ്‌ക് ധരിച്ചെത്താന്‍ ട്രംപ് തയ്യാറായിരുന്നില്ല. ഇതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മിഷിഗണിലെ ഫോര്‍ഡ് ഫാക്ടറിയിലേക്ക് നടത്തിയ സ്വകാര്യസന്ദര്‍ശനത്തില്‍ മാത്രമാണ് ട്രംപ് ഇതിനു മുമ്പ് മാസ്‌കണിഞ്ഞത്.

Exit mobile version