ഹിമാലയത്തില്‍ കൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞുവീണ് 9 പര്‍വ്വതാരോഹകര്‍ കൊല്ലപ്പെട്ടു

കാഠ്മണ്ഡു: മഞ്ഞുമലയുടെ വലിയൊരു ഭാഗം ഇടിഞ്ഞുവീണ് നേപ്പാളിലെ മൗണ്ട് ഗുര്‍ജ ഹിമലില്‍ 9 പര്‍വ്വതാരോഹകര്‍ മരണപ്പെട്ടു. 7,193 അടി ഉയരത്തിലാണ് അപകടമുണ്ടായത്. മരണപ്പെട്ടവരില്‍ 5 ദക്ഷിണ കൊറിയന്‍ യാത്രികര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊറിയന്‍ വേയ് ഗുര്‍ജഹിമല്‍ എക്‌സ്പിഡിഷന്‍- 2018 ഭാഗമായി എത്തിയവരാണ് മരണപ്പെട്ട യാത്രികര്‍.

മറ്റുള്ളവര്‍ നേപ്പാളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ ബേസ് ക്യാംപിന് മുകളിലേക്ക് മഞ്ഞുകട്ട ഇടിഞ്ഞു വീഴുകയായിരുന്നു. പര്‍വ്വതാരോഹക സംഘത്തിലെ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല.

അടുത്ത ക്യാംപിലേക്ക് കയറുന്നതിനായി കാലാവസ്ഥ അനുകൂലമാകുന്നത് വരെ 3500 അടിമുകളിലുള്ള ബേസ് ക്യാംപില്‍ വിശ്രമിക്കുകയായിരുന്നു സംഘം. അപകടമുണ്ടായ ബേസ് ക്യാപില്‍ നിന്ന് ഏറ്റവും അടുത്തുള്ള ഗ്രാമത്തിലേക്ക് ഒരു ദിവസം യാത്ര ചെയ്യാനുണ്ട്.

സംഭവ സ്ഥലത്തേക്ക് ഹെലികോപ്ടര്‍ ഇന്ന് രാവിലെ പുറപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ കാല്‍നടയായി ഒരു പോലീസ് സംഘവും പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് ഞായറാഴ്ച മാത്രമേ അപകട സ്ഥലത്ത് എത്താന്‍ കഴിയുകയുള്ളൂ.

Exit mobile version