മഞ്ഞായാലും മഴയായാലും പ്രശ്‌നമില്ല, റോഡിലൂടെ പോകുന്ന പോസ്റ്റുമാനെ കാത്തിരുന്ന് നായ, ഇത് ഒരു അപൂര്‍വ്വ സൗഹൃദം

വാഷിങ്ടണ്‍: ഉടമകളുമായി വളര്‍ത്തുമൃഗങ്ങള്‍ എപ്പോഴും നല്ല കൂട്ടായിരിക്കും. എന്നാല്‍ പലപ്പോഴും പുറത്തുള്ളവരെ അത്രത്തോളം അടുപ്പിച്ചെന്ന് വരില്ല. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി റോഡിലൂടെ പോകുന്ന ഒരു പോസ്റ്റ്മാനുമായി ദിവസങ്ങള്‍ക്കുള്ളില്‍ ചങ്ങാതിയായ ഒരു വളര്‍ത്തുനായയുടെ വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളെല്ലാം ഏറ്റെടുത്തിരിക്കുന്നത്.

മിഷിഗണിലാണ് സംഭവം. മൂസ് എന്ന വളര്‍ത്തുനായയാണ് പ്രദേശത്തെത്തുന്ന പോസ്റ്റ്മാനുമായി പെട്ടെന്ന് അടുത്തത്. ഒരു കുടുംബത്തോടൊപ്പം ജീവിക്കുന്ന മൂസ്‌ കുറച്ചു കാലം മുന്‍പാണ് ആ പ്രദേശത്ത് കത്തുകളുമായി എത്തുന്ന പോസ്റ്റുമാനെ വീടിന്റെ ജനാലയിലൂടെ കണ്ടത്.

അടുത്ത ദിവസം മുതല്‍ പോസ്റ്റുമാനെ മൂസ് കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങി. അങ്ങനെ ഒരു ദിവസം പോസ്റ്റുമാന്റെ വാഹനം വരാറായ സമയത്ത് വീടിനു വെളിയില്‍ ഓടിയെത്തി വാലും ആട്ടി അവന്‍ കാത്തിരിപ്പ് തുടങ്ങി. മൂസിനെ കണ്ട് താലോലിക്കാന്‍ വാഹനം റോഡരികില്‍ ഒതുക്കി പോസ്റ്റുമാനും അവനരികിലെത്തി.

ദീര്‍ഘകാലമായി ബന്ധമുള്ള സുഹൃത്തുക്കളെ പോലെ നിമിഷനേരം കൊണ്ട് രണ്ടുപേരും ഒരുപാടടുത്തു. പോസ്റ്റുമാന്‍ തലോടുകയും ചേര്‍ത്തു പിടിക്കുകയും ചെയ്തപ്പോള്‍ ഒരു പരിചയക്കുറവുമില്ലാതെ ഏറെ സ്‌നേഹത്തോടെ മൂസ് തന്റെ മുന്‍കാലുകള്‍ ഉയര്‍ത്തി അദ്ദേഹത്തോട് സ്‌നേഹം പ്രകടിപ്പിച്ചു.

അങ്ങനെ അവര്‍ അടുത്ത സുഹൃത്തുക്കളായി. പിന്നീട് പോസ്റ്റ്മാന്റെ വരവിനായി മൂസ് കാത്തിരിക്കുന്നത് പതിവായി. ദിവസവും പോസ്റ്റുമാന്റെ വണ്ടി വരുന്ന സമയത്ത് മൂസ് മറ്റൊന്നും വകവയ്ക്കാതെ ഓടി വഴിയിലെത്തും. പോസ്റ്റുമാനാകട്ടെ എന്നും ഒരേ സമയത്ത് അവനെ കാണാനെത്തുകയും ചെയ്യും. മഞ്ഞുവീഴ്ചയുടെ സമയമായാലും കനത്തമഴയായാലും മൂസും പോസ്റ്റുമാനും ഈ പതിവ് മുടക്കാറില്ല.

ഈ പതിവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മൂസിന്റെ ഉടമയായ മേഗന്‍ ഗ്രസിന്‍സ്‌കിയാണ് ഇവരുടെ സൗഹൃദ നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതോടെയാണ് ഈ അപൂര്‍വ സൗഹൃദത്തിന്റെ കഥ പുറംലോകമറിഞ്ഞത്.

Exit mobile version