മൂന്നാം തവണയും വിവാഹം മാറ്റിവെച്ച് ഡെൻമാർക്ക് പ്രധാനമന്ത്രി

കോപ്പൻഹേഗൻ: വിവാഹ സ്വപ്‌നങ്ങൾ എല്ലാ മനുഷ്യർക്കും ഒരു പോലെയാണ്. വിവാഹം തിരക്കുപിടിച്ച് നടത്താതെ സമയമെടുത്ത് ആഘോഷമായി നടത്താനാണ് മിക്കവരും ഇഷ്ടപ്പെടുക. ഡെൻമാർക്ക് പ്രധാനമന്ത്രിയും അത്തരത്തിൽ തന്നെ സ്വപ്‌നങ്ങളുള്ള വ്യക്തി തന്നെയാണ്. പക്ഷേ ഈ പ്രധാനമന്ത്രിക്ക് താൻ കാത്തു കാത്തിരുന്ന വിവാഹം മാറ്റിവയ്‌ക്കേണ്ടിവരുന്നത് ഇത് മൂന്നാം തവണയാണ്.

കൊവിഡ് പശ്ചാത്തലത്തിൽ വിവാഹം മാറ്റിവയ്ക്കുന്നത് ഇപ്പോൾ സാധാരണമാണ്. പക്ഷേ ഡാനിഷ് പ്രധാമന്ത്രി മൂന്നാം തവണയും വിവാഹം നീട്ടിവെച്ചത് കൊവിഡിനെ പേടിച്ചല്ല. സ്വന്തം രാജ്യത്തിന്റെ താത്പര്യം സംരക്ഷിക്കാനാണ്. ഡെൻമാർക്ക് പ്രസിഡന്റ് മെറ്റി ഫെഡറിക്‌സണും കാമുകൻ ബോയും തമ്മിലുള്ള വിവാഹം മുൻപ് രണ്ട് തവണ മുടങ്ങിയിരുന്നു. അന്ന് വില്ലനായത് കൊവിഡായിരുന്നു.

ഒടുവിൽ കൊവിഡ് ഭീഷണിക്കിടെ ലളിതമായ ചടങ്ങിൽ തന്നെ പ്രധാനമന്ത്രി വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ വീണ്ടും വിധിയുടെ വിളയാട്ടം പോലെ വില്ലനായി യൂറോപ്യൻ യൂണിയൻ ഉച്ചകോടിയെത്തി. വിവാഹം കഴിക്കാൻ തീരുമാനിച്ച ദിവസം തന്നെ ഉച്ചകോടി വന്നെത്തി. ഇതോടെ വിവാഹത്തേക്കാൾ പ്രധാന്യം സ്വന്തം രാജ്യവും ജനസേവനവുമാണെന്ന തിരിച്ചറിവിൽ വിവാഹം മാറ്റിവെച്ച് ഉച്ചകോടിയിൽ പങ്കെടുക്കാൻ തന്നെ പ്രധാനമന്ത്രി തീരുമാനിച്ചു.

വിവാഹം മാറ്റിവെച്ചതിനു ശേഷം കാമുകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ട് മെറ്റി കുറിച്ചതിങ്ങനെ: ”ഈ വിശിഷ്ട വ്യക്തിയെ വിവാഹം കഴിക്കാനായി ഞാൻ കാത്തിരിക്കുകയാണ്. പക്ഷേ അത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ച ജൂലൈയിലെ ആ ശനിയാഴ്ച തന്നെ ബ്രസൽസിൽ വെച്ച് ഒരു കൗൺസിൽ യോഗത്തിനുള്ള ക്ഷണം വന്നു. പക്ഷേ ഞാൻ എന്റെ ജോലിചെയ്യാനും ഡെൻമാർക്കിന്റെ താത്പര്യങ്ങളെ സംരക്ഷിക്കാനും തീരുമാനിച്ചു. അതുകൊണ്ട് തന്നെ വിവാഹം വീണ്ടും നീട്ടിവയ്ക്കുകയാണ്. വൈകാതെ ഞങ്ങൾക്ക് വിവാഹിതരാകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോയോട് ‘യെസ്’ പറയാൻ ഞാൻ കാത്തിരിക്കുകയാണ്.”

Exit mobile version