തൊലി വെളുക്കുന്നതിനുള്ള ക്രീമിന്റെ മോഡല്‍, സായിപ്പിനേം കെട്ടി ഹോളിവുഡിലും താരമായി; ഇപ്പോള്‍ കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത് വെറും അഭിനയം, പ്രിയങ്ക ചോപ്രയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: യുഎസില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയ്ഡ് പൊലീസ് മര്‍ദനത്തില്‍ മരിച്ച സംഭവത്തില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുകയാണ്. പ്രമുഖരടക്കം നിരവധി പേരാണ് വിഷയത്തില്‍ പ്രതികരിച്ച് ഇതിനോടകം രംഗത്തെത്തിയത്.

സംഭവത്തില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനുപിന്നാലെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍മീഡിയയിലും മറ്റും പ്രിയങ്ക നേരിടേണ്ടി വന്നത്. കറുത്ത വര്‍ഗക്കാരോട് അമേരിക്കയിലും ലോകമെമ്പാടും വംശീയ വിവേചനം കാണിക്കുന്നതില്‍ തങ്ങള്‍ വിഷമിക്കുന്നുവെന്ന് തന്റെ ഭര്‍ത്താവായ നിക്ക് ജോനാസിനൊപ്പമാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.

തുടര്‍ന്നാണ് പ്രിയങ്കക്കെതിരെ വിമര്‍ശന ശരങ്ങള്‍ കുതിച്ചെത്തിയിരിക്കുന്നത്. തൊലി വെളുക്കാനുള്ള ക്രീമുകളുടെ പരസ്യങ്ങളില്‍ മോഡലായി ഇരിക്കുന്ന പ്രിയങ്ക ഇപ്പോള്‍ കറുത്ത വര്‍ഗക്കാരോട് അനുതാപം പ്രകടിപ്പിക്കുന്നത് തികഞ്ഞ കപടതയാണെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ വിമര്‍ശിച്ചു.

കറുത്ത വര്‍ഗക്കാരോട് അനുതാപം പ്രകടിപ്പിച്ച് മെയ് 30ന് പ്രിയങ്ക ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റിട്ടിരുന്നു. ഇതും വന്‍ വിമര്‍ശനത്തിന് വഴിയൊരുക്കി. വംശീയത അവസാനിപ്പിക്കാന്‍ നമ്മെതന്നെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നായിരുന്നു പ്രിയങ്ക ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പറഞ്ഞത്.

വംശീയ വിദ്വേഷം യുഎസിന് പുറമെ ലോകമെമ്പാടുമുണ്ടെന്നും ആരെയും വംശീയവിദ്വേഷത്തിന്റെ പേരില്‍ തൊലിയുടെ നിറത്തിന്റെ പേരില്‍ കൊല്ലാന്‍ പാടില്ലെന്നും പ്രിയങ്ക ഇന്‍സ്റ്റാഗ്രാമിലൂടെ ആഹ്വാനം ചെയ്തു. എന്നാല്‍ രൂക്ഷ വിമര്‍ശനമാണ് പ്രിയങ്ക നേരിട്ടത്.

തൊലിവെളുക്കുന്നതിനുള്ള ക്രീമിന്റെ മോഡലായി പ്രിയങ്ക പോസ് ചെയ്തതിന്റെ ചിത്രങ്ങള്‍ എടുത്തിട്ടായിരുന്നു ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും നിരവധി പേര്‍ പ്രതികരിച്ചത്. ഒരു സ്‌കിന്‍ വൈറ്റനിങ് ക്രീമിന്റെ പരസ്യത്തില്‍ മോഡലായി നിന്നത് പ്രിയങ്ക മറന്ന് പോയോ എന്ന ചോദ്യവും ചോദിച്ചത് നിരവധി പേരാണ്.

സായിപ്പായ നിക്ക് ജോനാസിനെ കെട്ടി ഹോളിവുഡിലും താരമായ പ്രിയങ്കക്ക് കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കാന്‍ അവകാശമില്ലെന്നും ഇത് തികഞ്ഞ കപടതയാണെന്നും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും വിമര്‍ശനം ഉയര്‍ന്നു.

Exit mobile version