‘ചൈനയില്‍ നിന്നുള്ള മോശം സമ്മാനമാണ് കൊറോണ വൈറസ്’: ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ചൈനയില്‍ നിന്നുള്ള മോശം സമ്മാനമാണ് കൊറോണ വൈറസെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെ ട്രംപ് ഇത്തരത്തില്‍ കൊറോണ വൈറസിനെ വിശേഷിപ്പിച്ചത്. കൊവിഡ് ലോകമെമ്പാടും പ്രയാണം തുടരുകയാണ്, ചൈനയില്‍ നിന്നുള്ള മോശം സമ്മാനമാണ് കൊറോണ വൈറസ്. ഇത് നല്ലതല്ല’ എന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.


അതേസമയം അമേരിക്കയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തിലെത്തി. ‘കൊറോണ വൈറസ് മരണങ്ങള്‍ ഒരു ലക്ഷത്തിലെത്തിയതോടെ ഞങ്ങള്‍ വളരെ സങ്കടകരമായ ഒരു നാഴികക്കല്ലിലെത്തി. വൈറസ് ബാധമൂലം മരണപ്പെട്ട എല്ലാവരുടെയും കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഹൃദയംഗമമായ സഹതാപവും സ്നേഹവും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ദൈവം നിങ്ങളോടുകൂടെ ഇരിക്കട്ടെ’ എന്നാണ് മറ്റൊരു ട്വീറ്റില്‍ ട്രംപ് കുറിച്ചത്.


അതേസമയം സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള ഉത്തരവില്‍ ഒപ്പ് വെച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ട്വീറ്റിനൊപ്പം വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വീറ്റര്‍ രേഖപ്പെടുത്തിയതിനു പിന്നാലെയാണ് പ്രതികാര നടപടിയെന്നോണം ഉത്തരവില്‍ ഒപ്പ് വെച്ചത്. തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും 2016ല്‍ ഇങ്ങനെ ശ്രമിച്ചവര്‍ പരാജയപ്പെട്ടത് ഏവരും കണ്ടതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതിന്റെ പുതിയ പതിപ്പുകള്‍ ആവര്‍ത്തിക്കാന്‍ അനുവദിച്ചുകൂടാ. മെയില്‍ ഇന്‍ ബാലറ്റുകള്‍ ചതിയാണെന്നും കള്ളത്തരമാണെന്നുമുള്ള ആരോപണം ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. വോട്ട് ബൈ മെയില്‍ സംബന്ധിച്ച ട്രംപിന്റെ ട്വീറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ള വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ട്വിറ്റര്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

Exit mobile version