മരിച്ചത് മൂന്നരലക്ഷത്തിലധികം പേര്‍, 57 ലക്ഷം കടന്ന് രോഗബാധിതര്‍, കൊറോണയില്‍ പകച്ച് ലോകം, അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരം

ന്യൂയോര്‍ക്ക്: ലോകത്താകമാനം ഇതിനോടകം കൊറോണ കവര്‍ന്നെടുത്തത് മൂന്നര ലക്ഷത്തിലധികം ജീവനുകള്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 3,57,400 പേരാണ് ഇതുവരെ ലോകത്ത് കൊറോണ മഹമാരി ബാധിച്ച് മരിച്ചത്. 57,88,073 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

ഇതില്‍ 24,97,140 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്. യുഎസില്‍ മാത്രം കൊറോണ ബാധിച്ച് മരിച്ചത് ഒരു ലക്ഷത്തിലേറെ പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1535 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1,02,107 ആയി. 17 ലക്ഷത്തിലധികം പേര്‍ക്കാണ് യുഎസില്‍ രോഗം സ്ഥിരീകരിച്ചത്.

ബ്രസീലിലും സ്ഥിതി വഷളാവുകയാണ്. ബ്രസീലില്‍ ബുധനാഴ്ച ആയിരത്തിലേറെ പേരാണ് മരിച്ചത്. 1148 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ അവിടുത്തെ ആകെ മരണം 25,697 ആയി ഉയര്‍ന്നു. ഓഗസ്റ്റോടെ ബ്രസീലുള്‍പ്പെടെയുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ രോഗവ്യാപനവും മരണവും വര്‍ധിക്കുമെന്ന് യുഎസില്‍ നടത്തിയ പഠനത്തെ ചൂണ്ടിക്കാട്ടി ഡബ്ല്യുഎച്ച്ഒ പറഞ്ഞു.

പുതിയ വ്യാപനകേന്ദ്രമായി ലാറ്റിനമേരിക്ക മാറിയെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ 25 ലക്ഷത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്; 1.43 ലക്ഷം പേര്‍ മരിച്ചു. ദിനംപ്രതി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന രോഗബാധയുടെ എണ്ണത്തില്‍ യൂറോപ്പിനെക്കാളും യുഎസിനെക്കാളും മുന്നിലാണ് ലാറ്റിനമേരിക്കയെന്ന് ഡബ്ല്യുഎച്ച്ഒയുടെ പാന്‍ അമേരിക്കന്‍ മേധാവി കാരിസ്സ എറ്റൈന്‍ പറഞ്ഞു

രോഗബാധിതരുടെ എണ്ണത്തില്‍ 10-ാം സ്ഥാനത്താണ് ഇന്ത്യ. യുഎസ്,ബ്രസീല്‍, റഷ്യ, സ്‌പെയിന്‍ ,യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. പെറു, ചിലി, എല്‍ സാല്വദോര്‍, ഗ്വാട്ടിമാല, നിക്കരാഗ്വ എന്നിവിടങ്ങളിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുകയാണ്.

Exit mobile version