24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 14,919 പേര്‍ക്ക്; വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയെയും സ്‌പെയിനെയും മറികടന്ന് ബ്രസീല്‍

റിയോ ഡി ജനീറോ:ബ്രസീലില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 14,919 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 241,080 പേര്‍ക്കാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ കൊവിഡ് ബാധിച്ചത്. ഇതോടെ യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലിയയെും സ്‌പെയിനെയും മറികടന്ന ബ്രസീല്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇപ്പോള്‍ നാലാമത് എത്തിയിരിക്കുകയാണ്.

ഇതുവരെ 16,118 പേരാണ് രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 485 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അതേസമയം കൊവിഡ് പരിശോധന വളരെ കുറവ് മാത്രം നടക്കുന്ന രാജ്യമാണ് ബ്രസീല്‍ എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തെ ശരിയായ കണക്കുകള്‍ ഇതിലും കൂടതലായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അതേസമയം ആരോഗ്യ സംവിധാനം തന്നെ തകര്‍ന്നു പോയേക്കാമെന്നാണ് ബ്രസീലിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരമായ സാവോ പോളോയുടെ മേയര്‍ ബര്‍ണോ കൊവാസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നഗരത്തിലെ ആശുപത്രികളിലെ 90 ശതമാനം അടിയന്തര കിടക്കകളും കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞുവെന്നും കേസുകള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആശുപത്രി സംവിധാനങ്ങള്‍ തകരുന്നതിന് മുമ്പ് കടുത്ത നിയന്ത്രണങ്ങളുമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് സ്റ്റേറ്റ് ഗവര്‍ണറുമായി സംസാരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version