കൊവിഡ് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല, ഇക്കാര്യത്തില്‍ ഒരു സമയം നിശ്ചയിക്കാനോ കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കാനോ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് വൈറസ് ഭൂമുഖത്ത് നിന്ന് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴില്ലെന്ന് ലോകാരോഗ്യ സംഘടന. മൂന്ന് ലക്ഷത്തിലധികം ആളുകളുടെ ജീവന്‍ അപഹരിച്ച മഹാമാരിക്ക് കാരണമായ കൊറോണ വൈറസിനെ പൂര്‍ണമായി തുടച്ച് നീക്കാനാവില്ലെന്നും ഇത് മനുഷ്യരുള്ളിടത്തെല്ലാം വൈറസ് അവശേഷിക്കുമെന്നുമാണ് ഡബ്‌ള്യൂഎച്ച്ഒയുടെ മുന്നറിയിപ്പ്. അത്യാഹിത വിഭാഗം വിദഗ്ധന്‍ മൈക്ക് റെയാന്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആശങ്ക ഉളവാക്കുന്ന പുതിയ പ്രസ്താവന നടത്തിയത്.

‘കൊവിഡ് വൈറസ് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ല. ഇക്കാര്യത്തില്‍ ഒരു സമയം നിശ്ചയിക്കാനോ കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കാനോ സാധിക്കില്ല. രോഗം ഒരു നീണ്ട പ്രശ്നമായി മാറിയേക്കാം. ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് രോഗ വ്യാപനത്തെ ഒരു പരിധിവരെ തടയാന്‍ സാധിച്ചേക്കും എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ പൂര്‍ണമായ പരിഹാരമാവുകയില്ല’ എന്നാണ് മൈക്ക് റെയാന്‍ പറഞ്ഞത്.

അതേസമയം പകര്‍ച്ച വ്യാധിയായി മാറിയ കൊവിഡ് വൈറസിനെ തടയാന്‍ എല്ലാവരുടെയും സംഭാവ ആവശ്യമാണെന്നും ഇത് മനുഷ്യ വംശത്തെ ആകെ ബാധിക്കുന്ന പ്രശ്‌നമാണെന്നുമാണ് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസ് പറഞ്ഞത്. ലോകത്തെ നൂറിലേറെ കേന്ദ്രങ്ങളിലായി വൈറസിനുള്ള പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണന്നും ആശാവഹമായി നേട്ടം കൈവരിക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version