ഇനിയുള്ള കാലം വീട്ടിലിരുന്ന് ജോലി ചെയ്താൽ മതി; ജീവനക്കാരോട് ട്വിറ്റർ

സാൻഫ്രാൻസിസ്‌കോ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലെ ലോക്ക്ഡൗൺ കണക്കിലെടുത്ത് ജീവനക്കാർക്ക് വരുന്ന നാളുകളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവാദം കൊടുത്ത് ട്വിറ്റർ. സെപ്റ്റംബറിന് മുമ്പ് ഓഫീസുകൾ തുറക്കാൻ സാധ്യതയില്ലെന്നും കോവിഡ് ലോക്ക്ഡൗൺ അവസാനിച്ചതിനുശേഷവും ആവശ്യമുള്ള ജീവനക്കാർക്കു വീട്ടിൽ നിന്ന് സ്ഥിരമായി ജോലി ചെയ്യാമെന്നും ട്വിറ്റർ അറിയിച്ചു.

ലോക്ക് ഡൗൺ പ്രതിസന്ധിയെത്തുടർന്ന് മാർച്ചിൽ ആദ്യമായി ടെലിവർക്കിലേക്ക് മാറിയ കമ്പനികളിലൊന്നാണ് സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള ട്വിറ്റർ. ഈ രീതി അനിശ്ചിതകാലത്തേക്ക് തുടരുമെന്നാണ് ഇപ്പോൾ കമ്പനി പറയുന്നത്.

എവിടെ നിന്നും പ്രവർത്തിക്കാൻ പ്രാപ്തിയുള്ള തൊഴിൽ രീതി പിന്തുടരുകയും വികേന്ദ്രീകരണത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്നതിലൂടെ ഞങ്ങൾക്ക് ഈ ഘട്ടത്തോട് എളുപ്പം പൊരുത്തപ്പെടാനായെന്ന് ട്വിറ്റർ വക്താവ് പറഞ്ഞു.

‘ഈ രീതിയിൽ ജോലി ചെയ്യാനാകുമെന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങൾ തെളിയിച്ചതാണ്. ഞങ്ങളുടെ ജീവനക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ പ്രാപ്തരാണെങ്കിൽ അവർ എന്നെന്നേക്കുമായി ഇത് തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഞങ്ങൾ നടപ്പാക്കും.’ ഓഫീസുകൾ സെപ്റ്റംബറിനു മുന്നേ തുറക്കില്ലെന്നും വീണ്ടും തുറക്കുന്നത് ശ്രദ്ധാപൂർവ്വവമായിരിക്കുമെന്നും അത് നിലവിലെ രീതിയനുസരിച്ചായിരിക്കില്ലെന്നും ട്വിറ്റർ അറിയിച്ചു.

Exit mobile version