41 ലക്ഷം കൊറോണ ബാധിതര്‍, 2,80,000ല്‍ അധികം മരണം, ലോകം ആശങ്കയുടെ മുള്‍മുനയില്‍, അമേരിക്ക ഗുരുതരാവസ്ഥയില്‍ തുടരുന്നു

ന്യൂയോര്‍ക്ക്: ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി കൊറോണ ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. 2,80,000ല്‍ അധികം പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. അമേരിക്കയിലും ബ്രിട്ടണിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. അമേരിക്കയില്‍ മാത്രം മരണം 80,000 ത്തോടടുക്കുകയാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികള്‍ ഉള്ള അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 1,347,309 ആയി. എന്നാല്‍, ന്യൂ യോര്‍ക്ക്, ന്യൂ ജേഴ്‌സി എന്നീ തീവ്രബാധിത സംസ്ഥാനങ്ങളില്‍ നിന്ന് മെച്ചപ്പെട്ട കണക്കുകളാണ്. സ്‌പെയിനില്‍ 2,666 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൊറോണ ബാധിച്ച് അമേരിക്കയില്‍ ഇനിയും മരണം ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. വാക്‌സിന്‍ ഇല്ലാതെതന്നെ കൊറോണ അപ്രത്യക്ഷമാകുമെന്നും ട്രംപ് വ്യക്തമാക്കി. റഷ്യയില്‍ പുതിയ പതിനായിരം കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടനില്‍ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി പതിനയ്യായിരം കടന്നു. വൈറസ് നിയന്ത്രണ വിധേയമായില്ലെങ്കിലും അടുത്ത ആഴ്ച മുതല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനാണ് സാധ്യത. ഇന്ത്യയിലും കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്.

Exit mobile version