അമ്മയ്ക്കും അച്ഛനും ഏഴ് വയസുകാരന്‍ മകനും കൊവിഡ്; പിറന്നു വീണ കുഞ്ഞിന് കൊവിഡില്ല, നോക്കാന്‍ ആരുമില്ലാത്ത നവജാത ശിശുവിന്റെ സംരക്ഷണം ഏറ്റെടുത്ത് മകന്റെ ടീച്ചറും, നന്മ

വാഷിങ്ടണ്‍: കൊവിഡ് ബാധിച്ച് അച്ഛനും അമ്മയും ഏഴ് വയസുകാരന്‍ മകനും ആശുപത്രി കിടക്കയില്‍ ആയതോടെ ആരോരും നോക്കാന്‍ ഇല്ലാതെ നിന്ന നവജാത ശിശുവിന്റെ സംരക്ഷണം ഏറ്റെടുത്ത് മകന്റെ ടീച്ചറുടെ നന്മ. കഴിഞ്ഞ ഒരു മാസമായി കുട്ടിയെ സംരക്ഷിക്കുന്നത് ടീച്ചറാണ്. അമേരിക്കയിലെ കണെക്ടിക്കട്ടിലാണ് സംഭവം.

പ്രസവത്തിന് തൊട്ടുമുന്‍പാണ് കൊവിഡ് ലക്ഷണങ്ങളോടെ സുള്ളി എന്ന ഗ്വാട്ടിമാലിയന്‍ സ്വദേശിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഭര്‍ത്താവും ഏഴ് വയസ്സുകാരന്‍ മകനും കൂടെയുണ്ട്. ഭര്‍ത്താവിന് അമേരിക്കന്‍ ഇംഗ്ലീഷ് അറിയില്ല, ആശുപത്രി അധികൃതരോട് സംസാരിക്കാനാവില്ല, സഹായത്തിനാരുമില്ല. എന്ത് ചെയ്യുമെന്ന് വിഷമിച്ചുനില്‍ക്കുമ്പോഴാണ് മൂത്തമകന്റെ സ്‌കൂളിലെ ഇംഗ്ലീഷ് ടീച്ചറെ ഓര്‍മ വന്നത്.

പിന്നെ ഒട്ടും വൈകിക്കാതെ ലൂസിയാന എന്ന ടീച്ചറെ ഫോണില്‍ വിളിച്ചു സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഉടന്‍ തന്നെ ടീച്ചര്‍ ആശുപത്രിയിലെത്തി. ഇതിനിടെ സുള്ളി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.കുട്ടിയെ അതിതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. തൊട്ടുപിന്നാലെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സുള്ളിയെ വെന്റിലേറ്ററിലേക്ക് മാറ്റി. നടത്തിയ പരിശോധനയില്‍ സുള്ളിക്കൊപ്പം ഭര്‍ത്താവ് മാര്‍വിനും ഏഴ് വയസ്സുകാരന്‍ മകനും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

എന്നാല്‍ പുതിയതായി ജനിച്ച കുഞ്ഞിന് കൊവിഡ് ഇല്ല. കുഞ്ഞിനെ ആരും നോക്കാന്‍ ഇല്ല എന്ന സാഹചര്യത്തിലാണ് സഹായമായി മൂത്തമകന്റെ ഇംഗ്ലീഷ് ടീച്ചറായ ലൂസിയാന ലിറ രംഗത്ത് വന്നത്. രോഗം ഭേദമാവുന്നത് വരെ നെയ്സെല്‍ എന്ന നവജാതശിശുവിനോ നോക്കാമോ എന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ടീച്ചര്‍ സമ്മതം മൂളുകയായിരുന്നു. നെയ്സലിനെ ലൂസിയാന ടീച്ചര്‍ തനിക്കൊപ്പം വീട്ടിലേക്ക് കൂട്ടി, സംരക്ഷിച്ചു. സുള്ളിയും മാര്‍വിനും മകനും ആശുപത്രിയില്‍ ചികിത്സയിലും തുടര്‍ന്നു.

നെയ്സില്‍ ജനിച്ചിട്ട് ഒരു മാസം പിന്നിട്ടു. സുള്ളിയും മാര്‍വിനും മകനും ഇതുവരെ രോഗമുക്തി നേടിയിട്ടില്ല. പ്ലാസ്മ തെറാപ്പിയിലൂടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍, കാലമെത്ര കഴിഞ്ഞാലും, രോഗം ഭേദമായി എല്ലാം സാധാരണനിലയിലാവുന്നതുവരെ നെയ്സിലിനെ നോക്കിക്കോളാമെന്ന് ലൂസിയാന ടീച്ചറുടെ ഉറപ്പ് നല്‍കി. ഗുരുതരാവസ്ഥയില്‍നിന്നു മോചനം നേടിയതിനാല്‍ സുള്ളിക്ക് ഇപ്പോള്‍ വീഡിയോ കോളിലൂടെ സ്വന്തം കുഞ്ഞിനെ കാണാം.

Exit mobile version