കൊറോണ വൈറസ് വ്യാപവും ലോക്ക് ഡൗണും; ജോലിയില്ല, വരുമാനവുമില്ല ഇല്ലാതായത് അന്നവും; വിശന്നുകരഞ്ഞ മക്കള്‍ക്ക് മുന്നില്‍ കല്ല് പുഴുങ്ങി ഈ അമ്മ, ലോകത്തിന് നൊമ്പര കാഴ്ച

കെനിയ: കൊറോണ വൈറസ് വ്യാപനത്തിലും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിലും പലയിടങ്ങളിലുമായി നിരവധി പേരാണ് ഭക്ഷണം ലഭിക്കാതെ ദുരിതം അനുഭവിക്കുന്നത്. ഇപ്പോള്‍ കെനിയയില്‍ നിന്നുള്ള കാഴ്ചയാണ് ലോകത്തിന് തന്നെ നൊമ്പര കാഴ്ചയാവുന്നത്. വിശന്നുകരയുന്ന മക്കളെ, ഭക്ഷണമുണ്ടാക്കുന്നുവെന്ന് വിശ്വസിപ്പിക്കാന്‍ പാത്രത്തില്‍ കല്ല് പുഴുങ്ങുന്ന അമ്മയാണ് ആ കാഴ്ച.

കെനിയയിലെ മൊംബാസയില്‍നിന്നുള്ള പെനിനാ ബഹതി കിതാസോ ആണ് എട്ടുമക്കളെ സമാധാനിപ്പിക്കാന്‍ ദിവസങ്ങളായി കല്ല് പുഴുങ്ങി അഭിനയിക്കുന്നത്. ഭക്ഷണത്തിന് കാത്തിരുന്ന് കുട്ടികള്‍ ഉറങ്ങിപ്പോവുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയായിരുന്നു ഇത്തരത്തില്‍ ചെയ്തത്.

വിധവയും നിരക്ഷരയുമായ പെനിന അയല്‍വീടുകളിലെ തുണി അലക്കിയും മറ്റുമാണ് മക്കളെ വളര്‍ത്തുന്നത്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ജനം സാമൂഹിക അകലം പാലിക്കാന്‍ തുടങ്ങിയതോടെയാണ് ജോലിയില്ലാതെ ആയത്. തുടര്‍ന്ന് അന്നവും മുട്ടുകയായിരുന്നു. ബിബിസിയാണ് ഇവരുടെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദിവസേന നടക്കുന്ന ഈ കരളലയിപ്പിക്കുന്ന കാഴ്ച അവരുടെ അയല്‍വാസി പ്രിസ്‌ക മൊമാന്‍വിയാണ് മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയത്. കിതാസോക്കായി ബാങ്കില്‍ ഒരു അക്കൗണ്ടും അവര്‍തന്നെ തുടങ്ങിയതോടെ അതിലേക്ക് സഹായം എത്താന്‍ തുടങ്ങി. ഇതോടെയാണ് കഷ്ടപ്പാടിന് പരിഹാരം ആയത്. കഴിഞ്ഞവര്‍ഷമാണ് ആയുധധാരിയായ കള്ളന്മാരുമായുള്ള ഏറ്റുമുട്ടലില്‍ കിതാസോയുടെ ഭര്‍ത്താവ് മരിച്ചത്. വെള്ളവും വെളിച്ചവുമില്ലാത്ത രണ്ടുമുറി വീട്ടിലാണ് ഇവരുടെ താമസം.

ബാങ്ക് അക്കൗണ്ടിലൂടെ സഹായം വരാന്‍ തുടങ്ങിയതോടെ എല്ലാം അദ്ഭുതം എന്നുമാത്രമാണ് കിതാസോയ്ക്ക് പറയാനുള്ളത്. വിശന്നു കരയുന്ന ചെറിയ കുഞ്ഞിനെ സമാധാനിപ്പിക്കാനായിരുന്നു ഏറെ വിഷമം. കുറച്ചുകൂടി മുതിര്‍ന്ന മറ്റുകുട്ടികള്‍ക്ക് ഭക്ഷണമൊന്നുമില്ലെന്ന് അറിയാമായിരുന്നെന്നും കിതാസോ പറയുന്നു.

Exit mobile version