കോവിഡ് പോരാട്ടത്തിലേക്ക് സഹായവുമായി ഗ്രെറ്റ തുന്‍ബര്‍ഗ്: ഒരു ലക്ഷം ഡോളര്‍ യുനിസെഫിലേക്ക് നല്‍കി

വാഷിംങ്ടണ്‍:കോവിഡ് ബാധിത മേഖലകളിലെ കുട്ടികളുടെ ക്ഷേമത്തിനായ യുനിസെഫിലേക്ക് ഒരു ലക്ഷം ഡോളര്‍ സമ്മാനത്തുക സംഭാവന ചെയ്ത് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയും വിദ്യാര്‍ഥിയുമായ ഗ്രെറ്റ തുന്‍ബര്‍ഗ്. യുനിസെഫ് തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.

ഡച്ച് സന്നദ്ധ സംഘടനയില്‍ നിന്നും ലഭിച്ച സമ്മാന തുകയാണ് ഗ്രെറ്റ യുനിസെഫിന് സംഭാവനയായി നല്‍കിയത്. ലോക്ഡൗണ്‍ കാരണം ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ബുദ്ധുമുട്ടുന്ന, മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭിക്കാത്ത കുട്ടികള്‍ക്കായി തുന്‍ബെര്‍ഗിന്റെ സംഭാവന തുക ഉപയോഗിക്കുമെന്ന് യുനിസെഫ് അറിയിച്ചു.

കാലാവസ്ഥാ പ്രതിസന്ധിയെപ്പോലെ കോവിഡ് മഹാമാരിയും കുട്ടികളുടെ അവകാശത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി പതിനേഴുകാരിയായ ഗ്രെറ്റ പറഞ്ഞു.
ഇത് എല്ലാ കുട്ടികളെയും ബാധിക്കും, ഇപ്പോഴെന്നല്ല, ദീര്‍ഘകാലത്തോളം. ദുര്‍ബ്ബലരായ കൂട്ടത്തെ ആയിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും ഗ്രെറ്റ കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ ജീവന്‍ രക്ഷിക്കാനും ആരോഗ്യം സംരക്ഷിക്കാനും വിദ്യാഭ്യാസം തുടരാനുമുള്ള യുനിസെഫിന്റെ പ്രവര്‍ത്തനങ്ങളെ എല്ലാവരും പിന്തുണക്കണമെന്നും ഗ്രെറ്റ തുന്‍ബര്‍ഗ് ആവശ്യപ്പെട്ടു.

Exit mobile version