കൊവിഡ് 19; ചൈനക്കെതിരെ അമേരിക്ക ഗൗരവമായ അന്വേഷണം നടത്തുമെന്ന് ട്രംപ്

വാഷിങ്ടണ്‍: കൊവിഡ് 19 വൈറസിന്റെ പേരില്‍ ചൈനയ്‌ക്കെതിരെ അമേരിക്ക ഗൗരവമായ അന്വേഷണം നടത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനു പുറമെ നഷ്ടപരിഹാരമായി ജര്‍മ്മനി ആവശ്യപ്പെടുന്ന 130 ബില്യണ്‍ യൂറോയേക്കാള്‍ കൂടുതല്‍ പണം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടേക്കുമെന്ന സൂചനയും ട്രംപ് നല്‍കി.

ചൈനയ്ക്ക് കൊറോണ വൈറസിനെ തുടക്കത്തില്‍ തന്നെ തടഞ്ഞു നിര്‍ത്താമായിരുന്നുവെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അങ്ങനെയെങ്കില്‍ ഇത് ലോകമെമ്പാടും വ്യാപിക്കുകയില്ലായിരുന്നു. ഉചിതമായ സമയത്ത് കാര്യങ്ങള്‍ നിങ്ങളെ അറിയിക്കുമെന്നും ഗൗരവമായ അന്വേഷണം നടത്തുകയാണെന്നുമാണ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. നാശനഷ്ടങ്ങള്‍ക്ക് 130 ബില്യണ്‍ യൂറോയുടെ ബില്‍ ചൈനയിലേക്ക് അയക്കാന്‍ ജര്‍മ്മനി പദ്ധതിയിടുന്നതിനെക്കുറിച്ച് പത്രസമ്മേളനത്തില്‍ ട്രംപിനോട് ചോദിച്ചപ്പോഴാണ് ഇത്തരത്തില്‍ മറുപടി നല്‍കിയത്.

അമേരിക്കയില്‍ വൈറസ് ബാധമൂലം അരലക്ഷത്തിലധികം പേരാണ് മരിച്ചത്. പത്ത് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആഗോളതലത്തില്‍ 30 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ലക്ഷത്തിലധികം പേരാണ് മരിച്ചത്.

Exit mobile version