കഴിഞ്ഞ പത്തു ദിവസം കൊണ്ട് ആഫ്രിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം 30,000 ആയി വര്‍ധിച്ചു; വൈറസിന്റെ അടുത്ത വിളനിലം ആഫ്രിക്കയാവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

കേപ്പ്ടൗണ്‍: കൊവിഡ് 19 വൈറസിന്റെ അടുത്ത വിളനിലം ആഫ്രിക്കയാവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ പത്തു ദിവസം കൊണ്ട് ആഫ്രിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം 30,000 ആയി വര്‍ധിച്ചതാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കാന്‍ കാരണം. ഇതിനു പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സാധാരണയായി ഉള്ള പോഷകാഹാരകുറവും എച്ച്ഐവി സാന്നിധ്യവും കൊവിഡ് വൈറസിന്റെ വ്യാപനത്തിന് അനുകൂലമായ ഘടകമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. കൊവിഡിനെ നേരിടാന്‍ തക്ക സൗകര്യമുള്ള ആശുപത്രികളോ ഗുരുതരരോഗികളെ പ്രവേശിപ്പിക്കാന്‍ തക്ക വിധത്തില്‍ മതിയായ വെന്റിലേറ്ററുകളോ ഇല്ലാത്തതും പ്രശ്നം ഗുരുതരമാകാന്‍ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍.

ഫെബ്രുവരി അവസാനമാണ് ആഫ്രിക്കയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ പത്തു ദിവസം കൊണ്ട് ആഫ്രിക്കയിലെ 54 രാജ്യങ്ങളിലായി വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 30,000 ആയി ഉയര്‍ന്നു. 1374 പേരാണ് ഇതിനോടകം വൈറസ് ബാധമൂലം മരിച്ചത്. അതായത് ആഫ്രിക്കയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൊവിഡ് രോഗികളുടെയും വൈറസ് ബാധമൂലം മരിച്ചവരുടെയും എണ്ണത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആറ് മാസത്തിനുള്ളില്‍ ആഫ്രിക്കയില്‍ ഒരുകോടിക്ക് മുകളില്‍ ആളുകളെ കൊറോണ വൈറസ് ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ വൈറസിനെതിരെയുള്ള മുന്‍കരുതലുകള്‍ ശക്തിപ്പെടുത്തിയാല്‍ ഇത്രയും വലിയ വ്യാപനം തടയാന്‍ സാധിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് രണ്ടു രാജ്യങ്ങളില്‍ മാത്രമാണ്. ദക്ഷിണ ആഫ്രിക്കയിലെ പര്‍വ്വത രാജ്യമായ ലെസോതോയും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപായ കോമോറോസും.

ആഫ്രിക്കയില്‍ കൊവിഡ് വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് ദക്ഷിണാഫ്രിക്കയിലാണ്. 4,361 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഈജിപ്താണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 4,319 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൊറോക്കോ 3,897, അള്‍ജീരിയ 3,256 എന്നിവയാണ് കൊവിഡ് ശക്തമായി ബാധിച്ചിരിക്കുന്ന മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍. ആഫ്രിക്കയില്‍ കൊവിഡിന്റെ വ്യാപനം ശക്തമായാല്‍ 7.4 കോടി ടെസ്റ്റിംഗ് കിറ്റുകളും 30,000 വെന്റിലേറ്ററുകളും ആവശ്യമായി വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

Exit mobile version