കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാൻ ഉൾപ്പെടുന്ന ഹുബെയിൽ ഇനി 50ൽ താഴെ രോഗികൾ മാത്രം; ഗുരുതരാവസ്ഥയിൽ ആരും ചികിത്സയിലുമില്ല; ലോകത്തിനും പ്രതീക്ഷ

ബീജിങ് (ചൈന): കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിലും ഈ നഗരം ഉൾപ്പെടുന്ന ഹുബെ പ്രവിശ്യയിലും ഇനി കൊറോണ ബാധിതരായി 50ൽ താഴെ ആളുകൾ മാത്രം. രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് അഞ്ചുമാസം പിന്നിടുമ്പോൾ സംഭവിച്ച ഈ മാറ്റത്തിൽ ലോകത്തിനും പ്രതീക്ഷയേറുകയാണ്. പതിനായിരക്കണക്കിന് ജീവനുകൾ കുരുതി കൊടുത്ത വികസിത രാജ്യങ്ങൾക്കും ഈ വാർത്ത ആശ്വാസമാവുകയാണ്.

കഴിഞ്ഞ ഡിസംബറിൽ വൈറസ് വ്യാപനം തുടങ്ങിയശേഷം പ്രവിശ്യയിലെ വൈറസ് ബാധിതരുടെ എണ്ണം ഇത്രയധികം കുറയുന്നത് ആദ്യമായാണെന്ന് ഹുബെയിലെ ആരോഗ്യരംഗത്തെ അധികൃതർ അറിയിച്ചു. കഴിഞ്ഞ 20 ദിവസമായി പ്രവിശ്യയിൽ വൈറസ് ബാധ സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ ഒരു കേസുപോലും റിപ്പോർട്ടു ചെയ്തിട്ടില്ലെന്ന് നാഷണൽ ഹെൽത്ത് കമ്മീഷൻ വക്താവ് മി ഫെങ് ബെയ്ജിങ്ങിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതോടൊപ്പം, വുഹാൻ നഗരത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എല്ലാവരും രോഗം ഭേദമായി ആശുപത്രിവിട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ അവസാനത്തെ രോഗിയും വെള്ളിയാഴ്ചയാണ് വീട്ടിലേക്ക് മടങ്ങിയപ്പോയത്. ഇതോടെ വുഹാനിൽ ഇനി ഒരാളും കൊറോണ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാാക്കി.

ചൈനയിൽ വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 83,884 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 4636 പേർ മരിച്ചു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ മരണസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണിത്.

Exit mobile version