കാനഡയില്‍ പോലീസ് വേഷത്തിലെത്തിയ അക്രമി നടത്തിയ വെടിവെയ്പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു

കാനഡ: കാനഡയില്‍ പോലീസ് വേഷത്തിലെത്തിയ അക്രമി നടത്തിയ വെടിവെയ്പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു. കാനഡയിലെ നോവ സ്‌കോഷ്യ പ്രവിശ്യയിലാണ് വെടിവെയ്പ്പ് ഉണ്ടായത്. പോലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ പതിനാറ് പേരാണ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. ആര്‍സിഎംപി ഉദ്യോഗസ്ഥയായ ഹൈദി സ്റ്റീവന്‍സണാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. മുപ്പത് വര്‍ഷത്തിനിടെ കാനഡയിലുണ്ടായ ഏറ്റവും വലിയ വെടിവെയ്പ്പാണിതെന്നാണ് റിപ്പോര്‍ട്ട്.

ഹാലിഫാക്‌സ് നഗരത്തിന് നൂറ് കിലോമീറ്റര്‍ അകലെയുള്ള പോര്‍ട്ടാപിക്യുവില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. അമ്പത്തൊന്നുകാരനായ ഗബ്രിയേല്‍ വോട്മാന്‍ എന്നയാളാണ് പോലീസ് വേഷത്തിലെത്തി വെടിവെയ്പ്പ് നടത്തിയത്. റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസാണ് ഈ കാര്യം അറിയിച്ചത്. അതേസമയം പോലീസിന്റെ പ്രത്യാക്രമണത്തില്‍ ഗബ്രിയേല്‍ കൊല്ലപ്പെട്ടതായാണ് വിവരം.

പോലീസുകാരനായി വേഷംമാറിയ ആക്രമി തന്റെ കാറിനെ പോലീസ് വാഹനം പോലെ മാറ്റുകയും ചെയ്തിരുന്നതായി അധികൃതര്‍ പറഞ്ഞു. ആക്രമണത്തില്‍ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ ആര്‍ക്കും ഗബ്രിയേലുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലെന്നും ആക്രമണത്തിന്റെ ലക്ഷ്യമെന്താണെന്ന് കണ്ടെത്തിയിട്ടില്ലെന്നുമാണ് പോലീസ് അറിയിച്ചത്.

Exit mobile version