ഇത് ഒന്നിച്ചുനിന്ന് ഐക്യം കാണിക്കേണ്ട സമയം; സാമ്പത്തിക സഹായം നിർത്തലാക്കേണ്ട സമയമല്ലിത്; അമേരിക്കയെ വിമർശിച്ച് ഐക്യരാഷ്ട്രസഭ

ന്യൂയോർക്ക്: കൊറോണയുടെ പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിചുന്നതിനിടെ ലോകാരോഗ്യ സംഘടനയ്ക്ക് സാമ്പത്തിക സഹായം നിർത്തിയ അമേരിക്കയുടെ നടപടിയെ വിമർശിച്ച് ഐക്യരാഷ്ട്ര സഭ. ഇത് സാമ്പത്തിക സഹായം നിർത്തേണ്ട സമയമല്ലെന്ന് യുഎൻ കുറ്റപ്പെടുത്തി. ലോകം ഒന്നിച്ചു നിക്കേണ്ട സമയമാണിതെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറെസ് പറഞ്ഞു.

‘വൈറസിനെ നിയന്ത്രിക്കാനും ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ നേരിടാനും ഒന്നിച്ചു നിന്ന് പരസ്പരം ഐക്യം കാണിക്കേണ്ട സമയമാണിത്. വൈറസിനെതിരെ പൊരുതുന്ന ലോകാരോഗ്യ സംഘടനയ്‌ക്കോ മറ്റു ഏതു സംഘടനയ്‌ക്കോ നൽകുന്ന സാമ്പത്തിക സഹായം നിർത്തലാക്കേണ്ട സമയമല്ലിത്,’ ഗുട്ടറെസ് പ്രസ്താവനയിൽ പറഞ്ഞു.

കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ ലോകാരോഗ്യസംഘടനയ്ക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സാമ്പത്തിക സഹായം നിർത്തലാക്കുന്ന കാര്യം അറിയിച്ചത്. ചൈനയുമായുള്ള അതിർത്തി അമേരിക്ക അടച്ചതിനെ ഡബ്ല്യഎച്ച്ഒ എതിർത്തതിനെ വിമർശിച്ച ട്രംപ് ലോകാരോഗ്യസംഘടന ചൈനയ്‌ക്കൊപ്പം നിൽക്കുകയാണെന്നും ആരോപിച്ചു.

ലോകാരോഗ്യസംഘടനയ്ക്ക് ഏറ്റവും കൂടുതൽ ഫണ്ട് അനുവദിക്കുന്നത് അമേരിക്കയാണ്. 2019 ൽ 400 മില്യൺ ഡോളറാണ് അമേരിക്ക ലോകാരോഗ്യസംഘടനയ്ക്ക് അനുവദിച്ചത്.

Exit mobile version