കൊവിഡിന് മുന്നില്‍ അടിപതറി അമേരിക്ക; വൈറസ് ബാധമൂലം ഇന്നലെ മാത്രം മരിച്ചത് 2129 പേര്‍, മരണസംഖ്യ 25,000 കടന്നു

വാഷിങ്ടണ്‍: കൊവിഡ് 19 വൈറസ് ബാധിച്ച് അമേരിക്കയില്‍ ഇന്നലെ മാത്രം മരിച്ചത് 2129 പേര്‍. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 25195 ആയി ഉയര്‍ന്നു. ഇതുവരെ 603496 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 16555 പേര്‍ക്കാണ് പുതുതായി വൈറസ് ബാധസ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ന്യൂയോര്‍ക്കില്‍ മാത്രം 10834 പേരാണ് മരിച്ചത്. ഇവിടെ മാത്രം രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

വെര്‍ജീനിയയില്‍ ഒരു നഴ്‌സിംഗ് ഹോമില്‍ കഴിഞ്ഞ ദിവസം മരിച്ചത് 42 പേരാണ്. വയോജനങ്ങളെ മാത്രം പാര്‍പ്പിക്കുന്ന ഇവിടുത്തെ 163 അന്തേവാസികളില്‍ 127 പേരും രോഗികളാണ്. അമേരിക്കയില്‍ ഇതുവരെ 38,015 പേര്‍ക്കാണ് രോഗം ഭേദമായത്.

അതേസമയം നിശ്ചിത സമയത്തിന് മുമ്പെ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സാധിക്കുമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ഇതിനുള്ള പദ്ധതി തയ്യാറാകുന്നതായും പ്രസിഡന്റ് പറഞ്ഞു. നിയന്ത്രണങ്ങള്‍ നീക്കി വ്യാപാര മേഖല തുറക്കാനാണ് ട്രംപിന്റെ നീക്കമെന്നാണ് സൂചന. എന്നാല്‍ അമേരിക്ക ഇപ്പോള്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വന്‍ദുരന്തമുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഏപ്രില്‍ 30 വരെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ആഗോളതലത്തില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു. 1,26,537 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനോടകം 1,973,715 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 14 ലക്ഷത്തോളം രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതില്‍ 51,595 പേരുടെ ആരോഗ്യനില ഗുരുതരമാണ്.ചൊവ്വാഴ്ച മാത്രം 6,919 പേരുടെ ജീവനാണ് കൊറോണ കവര്‍ന്നെടുത്തത്. കൊറോണ വ്യാപനത്തിന് ശേഷം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ദിവസമാണ്.

Exit mobile version