കൊവിഡ് 19; ആരോഗ്യനില മെച്ചപ്പെട്ടു, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐസിയുവില്‍ നിന്ന് മാറ്റി

ലണ്ടന്‍: ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വൈറസ് ബാധിതനായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി. ഐസിയുവില്‍ നിന്ന് മാറ്റിയെങ്കിലും അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരും. ‘വ്യാഴാഴ്ച വൈകീട്ടോടെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയത്. സുഖംപ്രാപിക്കുന്നതിന്റെ ആദ്യ ഘട്ടമായതിനാല്‍ അദ്ദേഹം നിരീക്ഷണത്തില്‍ തന്നെ തുടരും. ഇപ്പോള്‍ മികച്ച നിലയിലാണ്’ എന്നാണ് യുകെ സര്‍ക്കാര്‍ വക്താവ് അറിയിച്ചത്.

ബോറിസ് ജോണ്‍സണെ തീവ്രപരിചരണവിഭാഗത്തില്‍ നിന്ന് മാറ്റിയതില്‍ സന്തോഷം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. എത്രയും പെട്ടെന്ന് അദ്ദേഹം രോഗമുക്തി നേടട്ടേ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ഞായറാഴ്ചയാണ് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ ബോറിസ് ജോണ്‍സണെ പ്രവേശിപ്പിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ഞായറാഴ്ച പരിശോധനകള്‍ക്ക് എത്തിയ അദ്ദേഹത്തെ രോഗം കുറയാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ചയോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ബ്രിട്ടണില്‍ എട്ടായിരത്തോളം പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version