‘ എനിക്ക് വിവാഹം കഴിക്കണം; വിവാഹം കഴിച്ചാല്‍ എനിക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുമല്ലോ’ തെരുവില്‍ കണ്ട 12 വയസുകാരിയുടെ വാക്ക് കേട്ട് സുഖൈന എഴുതുന്നു വേദനിപ്പിക്കുന്ന കഥ!

. മേഖലയിലെ കരുത്തരാകാന്‍ ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബലാബലത്തിന്റെ ഇരകളാണ് യമന്‍.

ദൈവം കൈയ്യൊഴിഞ്ഞ നാടാണ് യെമന്‍. പട്ടിണിക്കോലങ്ങളായ മനുഷ്യരും യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുമാണ് ഈ രാജ്യത്തിന്റെ മുഖ മുന്ദ്ര. മേഖലയിലെ കരുത്തരാകാന്‍ ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബലാബലത്തിന്റെ ഇരകളാണ് യമന്‍. വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തരസംഘര്‍ഷം ഇപ്പോള്‍ നില്‍ക്കുന്നത് രാജ്യത്തെ ഭക്ഷ്യകവാടം എന്ന് വിളിപ്പേരുള്ള ഹുദൈദയിലാണ്. അല്‍ ഹുദൈദ. തലസ്ഥാനമായ സനയില്‍ നിന്ന് 140 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന യെമനിലെ നാലമാത്തെ വലിയ നഗരം. ചെങ്കടലിലെ പ്രധാനപ്പെട്ട തുറമുഖം നഗരമാണിത്.

യുദ്ധം തീവ്രമായ യെമനില്‍ ജനങ്ങളുടെ ജീവിതം ദുരിതത്തിലാണ്. പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും. ഒരു നേരത്തെ ഭക്ഷണത്തിനും കിടപ്പാടത്തിനുമായി അങ്ങേയറ്റം വലയുകയാണ് ഇവര്‍. യുദ്ധരംഗത്തെ സന്നദ്ധപ്രവര്‍ത്തക സുഖൈന ഷറഫുദിന്‍ യമനിലെ യുദ്ധത്തിന്റെ തീവ്രതയേക്കുറിച്ച് എഴുതിയകുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. സുഖൈനയുടെ വാക്കുകള്‍ ഇങ്ങനെ…

‘നാലുവര്‍ഷമായി തുടരുന്ന യുദ്ധം യെമനെ ഒരു നൂറ്റാണ്ട് പിന്നോട്ടടിച്ചിരിക്കുന്നു. എണ്ണമറ്റ വ്യോമാക്രണങ്ങളാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. രാത്രി ഉറങ്ങാന്‍ മകനെ ചേര്‍ത്തുപിടിക്കുമ്പോള്‍ എനിക്കാറിയാം ഏതു സമയത്തും ആകാശത്തുനിന്ന് ഒരു ബോംബോ ഒരു മിസൈലോ താഴെയ്ക്കു പതിക്കാം. യുദ്ധത്തില്‍ പലര്‍ക്കും അവരുടെ കിടപ്പാടവും സമ്പാദ്യവും നഷ്ടമായി. ലക്ഷക്കണക്കിനാളുകളുടെ ജീവിതം തെരുവിലേയ്ക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു. അവരുടെ കുട്ടികള്‍ ദാഹമകറ്റാന്‍ കുടിവെള്ളത്തിനായി നിലവിളിക്കുന്നു.

2015 ല്‍ യുദ്ധം തുടങ്ങിയതിനു ശേഷം ഇന്നുവരെ 85,000-ല്‍ കൂടുതല്‍ കുട്ടികള്‍ പട്ടിണിയും രോഗവും മൂലം വലയുന്നുണ്ട്. ആ കുട്ടികള്‍ മരിക്കുന്നില്ല പകരം മരുന്നും ഭക്ഷണവും ഇല്ലാതെ ഓരോ നിമിഷവും നരകിച്ച് ജീവിക്കുകയാണ്. അവര്‍ക്ക് ഭക്ഷണത്തിനും മരുന്നിനും വേണ്ട പണം രാജ്യം യുദ്ധത്തിനും ആയുധത്തിനുമായി ചെലവിടുകയാണ്. യമനിലെ സമാധാന ചര്‍ച്ചകള്‍കള്‍ക്കായി യുഎന്‍ ശ്രമിക്കുന്നുണ്ട്. അതിനു പിന്നിലായി ഓരോ രാജ്യങ്ങളും അണിനിരക്കുന്നു. ഇവിടുത്തേ ഓരോ അമ്മമാരും തങ്ങളുടെ മക്കള്‍ കണ്‍മുമ്പില്‍ പട്ടിണിയും ദുരിതവും അനുഭവിക്കുന്നതു കാണേണ്ടി വരുന്നു. ഇതല്ലാതെ അവരുടെ മുമ്പില്‍ മറ്റ് മാര്‍ഗങ്ങള്‍ അവശേഷിക്കുന്നില്ല.

യുദ്ധം മൂര്‍ച്ഛിച്ചു നില്‍ക്കുമ്പോഴായിരുന്നു മകന്‍ ജനിച്ചത്. മകന്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ അയല്‍വാസിയുടെ അഞ്ചുവയസുപ്രായമായ കുഞ്ഞ് പട്ടിണി മൂലം മരിച്ചത്. ആ മാതാപിതാക്കള്‍ക്ക് തന്റെ കുഞ്ഞിന് ഭക്ഷണവും വെള്ളവും വാങ്ങി നല്‍കാനുള്ള പണം ഇല്ലായിരുന്നു. ഇതിനു പിന്നാലെ 17 വയസുള്ള ബന്ധുപ്രമേഹം ബാധിച്ചുമരിച്ചു. അവര്‍ക്ക് അവശ്യമായ മരുന്നുകള്‍ കിട്ടാത്തതുമൂലമായിരുന്നു ഈ ദുരന്തം. ചുറ്റും യുദ്ധത്തിന്റെ കാഴ്ചകള്‍ മാത്രമാണ്. മറ്റൊന്നും ചിന്തിക്കാന്‍ കഴിയില്ല. യുദ്ധം തുടങ്ങിയപ്പോള്‍ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നതോടെ പലരും മക്കളുടെ വിശപ്പടക്കാന്‍ ആഹാരത്തിനായി കിടപ്പാടം വിറ്റു.

ലക്ഷണക്കണക്കിനാളുകള്‍ ചൂടുവെള്ളം മാത്രം കുടിച്ച് വിശപ്പകറ്റുന്നു. ഭക്ഷണത്തിനു വേണ്ടി കിടപ്പാടം നഷ്ടപ്പെടുത്തിയവര്‍ ജീവിതം തെരുവിലേയ്ക്ക് മാറ്റി. ഒരിക്കല്‍ തെരുവില്‍ കണ്ട ഒരു 12 കാരി ബാലികയോട് നിന്റെ ആഗ്രഹമെന്താണെന്ന് ചോദിച്ചു. ഒരു ഭാവവ്യത്യസവും ഇല്ലാതെ അവള്‍ പറഞ്ഞു എനിക്ക് വിവാഹം കഴിക്കണം. വിവാഹം കഴിച്ചാല്‍ ഉച്ചയ്ക്ക് എനിക്ക് ചിക്കനും ചോറും കഴിക്കാന്‍ കഴിയുമല്ലോ എന്നായിരുന്നു അവളുടെ മറുപടി. വേദനയോടെ സുഖൈന എഴുതുന്നു. 2015 മുതല്‍ യമനില്‍ 140,000 കുട്ടികളെയാണ് യുദ്ധം ബാധിച്ചിരിക്കുന്നത്.

Exit mobile version