സാത്താന്‍ ഞങ്ങളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നു, കൂട്ടമായി പ്രാര്‍ത്ഥിക്കണം; ക്വാറന്റൈന്‍ ഭേദിച്ച് കുരുത്തോല പെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തില്‍ പള്ളികള്‍

വാഷിങ്ടണ്‍: അതിരൂക്ഷമായാണ് അമേരിക്കയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള രാജ്യമായി അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ് അമേരിക്ക. ഈ സാഹചര്യത്തില്‍ കൊറോണ വൈറസിനെതിരേ മതവികാരം ഇളക്കി വിടുന്ന രീതിയിലുള്ള വാക്കുകളുമായി പാസ്റ്റര്‍ ടോണ്‍ സ്‌പെല്‍ രംഗത്തെത്തി.

സാത്താന്‍ നമ്മളെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും അതിനാല്‍ കുരുത്തോല ദിനത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടമായി പ്രാര്‍ത്ഥിക്കണമെന്നുമാണ് പാസ്റ്റര്‍ ആഹ്വാനം ചെയ്തത്. മാത്രവുമല്ല ലൂസിയാനയിലെ ബാറ്റണ്‍ റൂജിലെ പള്ളി കുരുത്തോല പെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലുമാണ്.

അമേരിക്കയിലെ കൊറോണ ഹോട്ട് സ്‌പോട്ടുകളിലൊന്നായ ലൂസിയാനയില്‍ 409 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഈ സാഹചര്യത്തില്‍ 1000 പേരുടെ ഒത്തുചേരലും കുരുത്തോല പെരുന്നാളിന്റെ ഭാഗമായുള്ള പരിപാടികളും സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സോളിഡ് റോക്ക് പള്ളി.

കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ നല്‍കിയ സുരക്ഷ മുന്നറിയിപ്പുകള്‍ കാറ്റില്‍പ്പറത്തിയും മുന്‍കരുതല്‍ നടപടികളുമെല്ലാം ലംഘിച്ചുംകൊണ്ടാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ‘ഞങ്ങള്‍ നിയമങ്ങളെ ധിക്കരിക്കുന്നത് സുവിശേഷം പ്രചരിപ്പിക്കലാണ് ദൈവഹിതം എന്നുള്ളതുകൊണ്ടാണ്’, എന്നാണ് ലൂസിയാന പാസ്റ്റര്‍ ടോണ്‍ സ്‌പെല്‍ പറഞ്ഞത്.

ഫ്‌ലോറിഡ മുതല്‍ ടെക്‌സാസ് വരെയുള്ള സോളിഡ് റോക്ക് പള്ളികള്‍ ഈ കുരുത്തോല ഞായറിന് പള്ളികള്‍ തുറക്കുമെന്ന ശാഠ്യത്തിലാണ് പാസ്റ്റര്‍. ‘സാത്താന്‍ ഞങ്ങളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുകയാണ്. ഞങ്ങളെ ഒരുമിച്ച് പ്രാര്‍ഥിക്കാന്‍ അവന്‍ അനുവദിക്കുന്നില്ല. പക്ഷെ സാത്താനെ ജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല’, ടെക്‌സാസിലെ മറ്റൊരു പാസ്റ്റര്‍ കെല്ലി ബര്ട്ടണ് പറഞ്ഞു.

ക്വാറന്റൈന്‍ നിയമങ്ങളെ തുടര്‍ന്ന് കുരുത്തോല ഞായര്‍ വീടിനുള്ളില്‍ നടത്താനാണ് അമേിക്കയിലെ ക്രിസ്ത്യന്‍ സമൂഹം തീരുമാനിച്ചത്. അതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ നല്‍കാനാണ് യുഎസ് പള്ളികളും തീരുമാനമെടുത്തത്. എന്നാല്‍ ഇതിന് കടകവിരുദ്ധമായ തീരുമാനമാണ് സോളിഡ് റോക്ക്് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.

Exit mobile version