കൊവിഡ് 19; വൈറസ് ബാധമൂലം അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധമൂലം അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. തൊടുപുഴ സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ട് ആണ് മരിച്ചത്. അമേരിക്കയില്‍ വൈറസ് ബാധമൂലം ഇന്നലെ മാത്രം ആയിരത്തിലധികം പേരാണ് മരിച്ചത്. 1224 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 630 മരണങ്ങളും ന്യൂയോര്‍ക്കിലാണ് നടന്നത്. ഇതോടെ മരണസംഖ്യ 8300 ആയി ഉയര്‍ന്നു.

അമേരിക്കയിലെ കൊവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നാണ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത്. അതേസമയം വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ ഇനിയും കൂടുതല്‍ സമയം വേണ്ടി വരുമെന്നാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്.
യുഎസില്‍ ഇതുവരെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ലോകത്താകമാനമായി ഇതുവരെ 12 ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 64,000 ത്തിലധികം പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ലോകത്താകമാനമായി 24 മണിക്കൂറിനിടെ ആറായിരത്തിലധികം മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇറ്റലിയില്‍ ഇതുവരെ 15,362 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version