മൃതദേഹങ്ങള്‍ കെട്ടിക്കിടക്കുന്നു, കൂട്ടമരണങ്ങള്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നവരെ പ്രതിസന്ധിയിലാക്കുന്നു; ഇത് ഇപ്പോഴത്തെ ന്യൂയോര്‍ക്കിലെ കാഴ്ച, ഒറ്റ ദിവസം കൊണ്ട് മരിച്ചത് 562 പേര്‍

ന്യൂയോര്‍ക്ക്: വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയാതെ പകച്ചുനില്‍ക്കുകയാണ് അമേരിക്ക. ന്യൂയോര്‍ക്കില്‍ മാത്രം ഒറ്റ ദിവസം കൊണ്ട് മരിച്ചത് 562 പേരാണ്. ഇതോടെ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മാത്രം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏകദേശം 3,000 ആയി.

ഈ സാഹചര്യത്തില്‍ അമേരിക്കയിലെ മുഴുവന്‍ സംവിധാനങ്ങളും ന്യൂയോര്‍ക്കില്‍ വിന്യസിക്കേണ്ടി വരുമെന്നാണ് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ പറയുന്നത്. രോഗികളുടെ എണ്ണം കൂടി വരുന്നതോടെ വെന്റിലേറ്റര്‍, കിടക്കകള്‍ എന്നിവയുടെ അഭാവം മൂലം ഇനിയും ആയിരങ്ങള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈറസിന്റെ ഏറ്റവും മോശമായ ആക്രമണത്തെ അഭിമുഖീകരിക്കാന്‍ തങ്ങള്‍ തയ്യാറായിക്കഴിഞ്ഞുവെന്ന് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ദേ ബ്ലാസിയോ പറഞ്ഞു. അമേരിക്കയിലെ ആകെ മരണത്തിന്റെ നാലിലൊന്നില്‍ അധികവും ഇവിടെയാണെന്നും അദ്ദേഹം പറയുന്നു. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണത്തിന് തുല്യമായി മാറിയിരിക്കുകയാണ് കൊറോണ ബാധിച്ച് ന്യൂയോര്‍ക്കിലെ മാത്രം മരണം.

കൊറോണ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം 1,000 നഴ്‌സുമാര്‍, 150 ഡോക്ടര്‍മാര്‍, 300 റെസ്പിരേറ്ററി തെറാപ്പിസ്റ്റുകള്‍ ആവശ്യമുണ്ട്. രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്താല്‍ അടുത്ത ആഴ്ചക്കുള്ളില്‍ കുറഞ്ഞത് 3,000 വെന്റിലേറ്ററെങ്കിലും ആവശ്യമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

അതേസമയം മരണസംഖ്യ ഉയര്‍ന്നത് സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നവരില്‍ വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. നിരവധി മൃതദേഹങ്ങള്‍ കെട്ടിക്കിടക്കുന്നുവെന്നും വിവരങ്ങളുണ്ട്. രോഗം ബാധിച്ച് മരിച്ചവരില്‍ നിന്ന് രോഗം പകരുമെന്ന ഭയത്തിലാണ് ന്യൂയോര്‍ക്കിലെ മിക്ക ഫ്യുണറല്‍ ഹോം ജീവനക്കാര്‍.

Exit mobile version