കൊറോണയെ നമ്മള്‍ തടയും; പരീക്ഷണത്തിലുള്ള മരുന്ന് ഫലപ്രദമെന്ന് പഠനം; ലോകത്തിന് പുതിയ പ്രതീക്ഷ

ടൊറന്റോ: ലോകത്താകമാനം പടര്‍ന്നുപിടിച്ച് പതിനായിരങ്ങളുടെ ജീവന്‍ കവര്‍ന്ന കൊറോണ വൈറസിനെ തടയാന്‍ പ്രതിരോധ മരുന്നിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ലോകജനത. അതിനിടെ പ്രതിരോധമരുന്നു പരീക്ഷണരംഗത്തുനിന്ന് പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്ത ജനങ്ങള്‍ക്ക് ഒന്നടങ്കം പ്രതീക്ഷ നല്‍കുന്നു.

കാനഡയില്‍ പരീക്ഷണഘട്ടത്തിലുള്ള എ.പി.എന്‍.-01 (ഹ്യൂമന്‍ റീകോംബിനന്റ് സോല്യൂബിള്‍ ആന്‍ജിയോടെന്‍സിന്‍) എന്ന മരുന്ന് കൊറോണ വൈറസിനെതിരേ ഫലപ്രദമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. കോവിഡ്-19 രോഗത്തിനു കാരണമാകുന്ന സാര്‍സ് കൊറോണ വൈറസ്-2 മനുഷ്യകോശത്തിനകത്തേക്ക് കടക്കുന്നത് തടയാന്‍ എ.പി.എന്‍.01-ന് കഴിയുമെന്ന് ശാസ്ത്രപ്രസിദ്ധീകരണമായ ‘സെല്ലി’ല്‍ വന്ന പഠനഫലത്തില്‍ പറയുന്നു.

കോശസ്തരത്തിലെ മാംസ്യമായ എ.സി.ഇ.2-വിലൂടെയാണ് സാര്‍സ് വൈറസ് കോശത്തിനകത്തേക്കു കടക്കുന്നതെന്ന് ടൊറന്റോ സര്‍വകലാശാലയും ഓസ്ട്രിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജി 2003-ല്‍ സാര്‍സ് പടര്‍ന്നുപിടിച്ച വേളയില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

പുറത്തേക്കുതള്ളിനില്‍ക്കുന്ന രോമം പോലുള്ള ഭാഗമുപയോഗിച്ചാണ് വൈറസ് കോശസ്തരത്തിലെ എ.സി.ഇ.2-വില്‍ പറ്റിപ്പിടിക്കുന്നത്. ഈ ഒട്ടിച്ചേരല്‍ തടയാന്‍ എ.പി.എന്‍.-01-മരുന്നിന് കഴിയുമെന്ന് പഠനത്തിനു നേതൃത്വം നല്‍കുന്ന കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാല പ്രൊഫസര്‍ ജോസഫ് പെന്നിങ്‌ഗെര്‍ പറഞ്ഞു.

മൂലകോശങ്ങളുപയോഗിച്ച് വികസിപ്പിച്ചെടുത്ത വൃക്കയിലും രക്തധമനിയിലും കൊറോണവൈറസിന്റെ പ്രവര്‍ത്തനരീതി എങ്ങനെയാണെന്നും പഠനത്തില്‍ വിലയിരുത്തുന്നുണ്ട്. സാര്‍സ് വൈറസിനോട് സാമ്യമുള്ള ഇനമാണ് കോവിഡ്-19 വൈറസെന്നും പെന്നിങ്‌ഗെര്‍ പറഞ്ഞു. യൂറോപ്യന്‍ ബയോടെക് കമ്പനിയായ ആപെരിയോണ്‍ ബയോളജിക്‌സ് മരുന്ന് ഉടന്‍ പരീക്ഷണത്തിനെത്തിക്കുമെന്ന് ടൊറന്റോ സര്‍വകലാശാല പ്രൊഫസര്‍ ആര്‍ട്ട് സ്ലട്ട്‌സ്‌കി പറഞ്ഞു. മരുന്നുപരീക്ഷണ രംഗത്തുനിന്നും പുറത്തുവന്ന ഈ വാര്‍ത്ത ജനങ്ങള്‍ക്ക് ഏറെ ആശ്വാസമേകുന്നതാണ്.

Exit mobile version