കൊവിഡ് 19; വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമേരിക്കന്‍ താരം മാര്‍ക്ക് ബ്ലം അന്തരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമേരിക്കന്‍ താരം മാര്‍ക്ക് ബ്ലം അന്തരിച്ചു. 69 വയസായിരുന്നു. 1985ല്‍ മഡോണ, റോസന്ന ആര്‍കെറ്റ് എന്നിവര്‍ അഭിനയിച്ച ‘ ഡെസ്പെററ്റ്ലി സീക്കിംഗ് സൂസന്‍’ എന്ന ചിത്രത്തിലൂടെയാണ് ബ്ലം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്.

എച്ച്ബിഒയില്‍ ‘ സക്സെഷന്‍’, നെറ്റ്ഫ്ലിക്സില്‍ ‘യു’, ആമസോണില്‍ ‘മൊസാര്‍ട്ട് ഇന്‍ ദ ജംഗിള്‍’ തുടങ്ങി നിരവധി ടെലിവിഷന്‍ സീരീസുകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 1950ല്‍ ന്യൂജഴ്സിയില്‍ ജനിച്ച ബ്ലം 1970കളില്‍ നാടക ലോകത്ത് സജീവമായി. 1983ല്‍ പുറത്തിറങ്ങിയ ‘ലവ്സിക്ക് ‘ ആണ് ആദ്യ ചിത്രം. ‘ലവ് ഈസ് ബ്ലൈന്‍ഡ്'( 2019 ) ആണ് അവസാന ചിത്രം. അമേരിക്കന്‍ നടിയായ ജാനറ്റ് സാരിഷ് ആണ് ഭാര്യ.

അതേസമയം അമേരിക്കയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ചൈനയേയും ഇറ്റലിയേയും മറികടന്നിരിക്കുകയാണ് അമേരിക്ക. ഇന്നലെ മാത്രം 16,000 ത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. നിലവിലെ കണക്ക് പ്രകാരം 81,378 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിലും ഇറ്റലിയിലും രോഗികളുടെ എണ്ണം യഥാക്രമം 81,285, 80,539 എന്നിങ്ങനെയാണ്.

Exit mobile version