കൊറോണ ബാധിതനായ 101 വയസ്സുകാരന് രോഗം ഭേദമായി; രോഗമുക്തമാവുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആള്‍; പ്രതീക്ഷയോടെ ലോകം

റോം: ഇറ്റലിയിലെ 101 വയസ്സ് പ്രായമുള്ള കൊറോണ വൈറസ് ബാധിതന്‍ രോഗവിമുക്തി നേടിയെന്ന് റിപ്പോര്‍ട്ട്. പ്രായമേറിയവരില്‍ പലര്‍ക്കും കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നും ഇത് മൂലം മരണസാധ്യത കൂടുതലാണെന്നുമാണ് ലോകമെമ്പാടുനിന്നുമുള്ള റിപ്പോര്‍ട്ടുകള്‍.

അതിനിടെയാണ് ഇറ്റലിയിലെ തീരനഗരമായ രിമിനിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 101 കാരന് രോഗം ഭേദമായെന്ന വാര്‍ത്ത പുറത്തുവന്നത്. ഇത് ശരിയാണെങ്കില്‍ രോഗം ഭേദമാകുന്ന ലോകത്തിലെതന്നെ ഏറ്റവും പ്രായംകൂടിയ ആളായിരിക്കും ഇയാളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊറോണ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ ജനിച്ചത് 1919ല്‍ ആണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നതെന്ന് രിമിനി വൈസ് മേയര്‍ ഗ്ലോറിയ ലിസിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.’ഇദ്ദേഹത്തിന്റെ രോഗമുക്തി ആശുപത്രി ജീവനക്കാരെയും അധികൃതരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

രോഗബാധിതരുടെ എണ്ണം കൂടിവരുന്നത് കാരണം ഇറ്റലിയില്‍ പ്രായമേറിയവര്‍ക്ക് ചികിത്സ നല്‍കുന്നില്ലെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനിടയിലാണ് 101 കാരന് രോഗം ഭേദമായെന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. രോഗബാധിതനായ 100 വയസ്സിനു മേലെ പ്രായമുള്ള ഒരാള്‍ ജീവിതത്തലേയ്ക്ക് തിരിച്ചുവന്നത് എല്ലാവര്‍ക്കും വലിയ പ്രതീക്ഷയും ആത്മവിശ്വാസവുമാണ് നല്കുന്നത്.

Exit mobile version