‘ഞങ്ങള്‍ വൈറസിനെ സൃഷ്ടിക്കുകയോ മനഃപൂര്‍വം പരത്താന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല’; വിശദീകരണവുമായി ചൈന

ബെയ്ജിങ്: ലോകരാജ്യങ്ങളൊക്കെ ഇപ്പോള്‍ കൊവിഡ് 19 വൈറസ് ഭീതിയിലാണ്. ലോകത്താകമാനമായി ലക്ഷക്കണക്കിന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം തന്നെ ഈ വൈറസ് ചൈന സൃഷ്ടിച്ചതാണെന്നും പറഞ്ഞ് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. കൊറോണ വൈറസ് ചൈനീസ് വൈറസെന്ന് വിശേഷിപ്പിക്കുന്നതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ചൈന.

ചൈന വൈറസിനെ സൃഷ്ടിക്കുകയോ മനഃപൂര്‍വം പരത്താന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണെന്നുമാണ് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ജി റോങ് പറഞ്ഞത്. വൈറസിന്റെ പേരില്‍ ചൈനയെ മുദ്രകുത്താതെ ഇപ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിക്കെതിരെ പോരാടുകയാണ് വേണ്ടത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയുമായി എല്ലാ തരത്തിലും സഹകരിക്കുമെന്നും ഇപ്പോള്‍ തന്നെ ഇരുരാജ്യങ്ങളും ആശയവിനിമയം തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ ചൈനയില്‍ രോഗം പടര്‍ന്നപ്പോള്‍ ഇന്ത്യ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി ഞങ്ങളെ സഹായിച്ചു. അതിന് ഞാങ്ങള്‍ നിങ്ങളോട് നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയിലെ വുഹാനിലാണ് വൈറസ്ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് വ്യാപനമുണ്ടാകുമെന്ന് അറിഞ്ഞപ്പോള്‍ തന്നെ ചൈന എല്ലാ ഗതാഗതമാര്‍ഗവും അടച്ചിരുന്നു. ചൈനയാണ് വൈറസിന്റെ ഉറവിടമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കൊറോണ വൈറസിനെ ചൈനയുമായും വുഹാനുമായും ചേര്‍ത്ത് പറയരുതെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടക്കമുള്ളവരാണ് കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിച്ചത്. തുടര്‍ന്ന് അത്തരത്തില്‍ വിശേഷിപ്പിക്കരുതെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശവും നല്‍കിയിരുന്നു. അതേസമയം ലോകത്താകമാനം വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 21000 കവിഞ്ഞു. നാല് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version