കൊറോണ: രുചിയും മണവും നഷ്ടപ്പെടുന്നതാണ് വൈറസ് ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും പ്രധാന ലക്ഷണമെന്ന് അമേരിക്കന്‍ പഠനം

യുട്ടാ: മണവും രുചിയും നഷ്ടപ്പെടുന്നത് കൊറോണയുടെ പ്രധാന ലക്ഷണമാണെന്ന് പഠനം. അമേരിക്കന്‍ അക്കാദമി ഓഫ് ഓട്ടോലാറിന്‍ ജോളജി ഹെഡ് ആന്റ് നെക്ക് സര്‍ജറി വിഭാഗവുമായി സഹകരിച്ചു അമേരിക്കന്‍ ആരോഗ്യ വകുപ്പു നടത്തിയ പഠനത്തിലാണ് രുചിയും മണവും നഷ്ടപ്പെടുന്നത് വൈറസിന്റെ മറ്റൊരു പ്രധാന ലക്ഷണമാണെന്ന് കണ്ടെത്തിയത്.

അനേസ്മിയ എന്ന പേരില്‍ അറിയപ്പെടുന്ന മണം നഷ്ടപ്പെടല്‍ കൊറോണ വൈറസ് പോസിറ്റീവായ രോഗികളില്‍ ധാരാളം കണ്ടുവരുന്നതായി അധികൃതര്‍ ചൂണ്ടിക്കാട്ടി. ചുമയും പനിയുമുള്ള രോഗികളില്‍ സാധാരണയായി മണവും രുചിയും നഷ്ടപ്പെടാറുണ്ട്. എന്നാല്‍ കൊറോണ വൈറസ് രോഗിയിലും ഇത് കാണാറുണ്ടെന്നാണ് പഠനം പറയുന്നത്.

അതിനിടെ രുചിയും മണവും നഷ്ടപ്പെട്ടു എന്നു തോന്നിയാല്‍ ഉടനെ സമീപത്തുള്ള ഡോക്ടറെ സമീപിച്ചു പരിശോധനയ്ക്ക് വിധേയമാകണമെന്ന് യുഎസ് ആരോഗ്യവകുപ്പ് അധികൃതര്‍ ജനങ്ങളെ അറിയിച്ചു. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈ ലക്ഷണങ്ങളാണെന്നും രുചിയും മണവും നഷ്ടപ്പെടുന്നവര്‍ ഉടനെ സ്വയം ഐസൊലേഷനില്‍ പ്രവേശിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് 22 നാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നല്‍കിയിരിക്കുന്നത്.

Exit mobile version