കൊവിഡില്‍ വിറങ്ങലിച്ച് ലോകരാജ്യങ്ങള്‍; മരണസംഖ്യ 14,600 കവിഞ്ഞു, ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 651 പേര്‍

റോം: കൊവിഡ് 19 വൈറസ് വ്യാപനത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് ലോകരാജ്യങ്ങള്‍. ലോകത്താകമാനമായി ഇതുവരെ 14,600 ലധികം ആളുകളാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതുവരെ 3,35,403 ആളുകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ മാത്രം കഴിഞ്ഞ ദിവസം മരിച്ചത് 651 പേരാണ്. ഇതോടെ ഇറ്റലിയില്‍ മരണസംഖ്യ 5476 ആയി.

അമേരിക്കയില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം നാനൂറ് കവിഞ്ഞു. കാനഡയില്‍ അന്‍പത് ശതമാനത്തിന്റെ വര്‍ധനവാണ് മരണസംഖ്യയില്‍ ഉണ്ടായിരിക്കുന്നത്. ജര്‍മ്മനിയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് രണ്ട് പേരില്‍ കൂടുതല്‍ കൂട്ടം കൂട്ടുന്നതിനും രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച ആളുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

ഫ്രാന്‍സില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 600 കവിഞ്ഞു. വൈറസ് ബാധമൂലം ഫ്രാന്‍സില്‍ ഒരു ഡോക്ടര്‍ മരണപ്പെട്ടതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ ഏഴ് പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version