കൊവിഡ് 19; ക്വാറന്റൈന്‍ പിരീഡ് രണ്ടാഴ്ച പോരെന്ന് പഠനം, ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണിച്ചത് രണ്ടാഴ്ച കഴിഞ്ഞ്

വാഷിങ്ടണ്‍: ലോകം കൊവിഡ് 19 വൈറസ് ഭീതിയിലാണിപ്പോള്‍. വൈറ്‌സ ബാധമൂലം മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞിരിക്കുകയാണ്. അതേസമയം വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ ക്വാറന്റൈന്‍ പിരീഡ് രണ്ടാഴ്ച പോരെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണിച്ചത് രണ്ടാഴ്ച കഴിഞ്ഞാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. കേംബ്രിഡ്ജ് സര്‍വ്വകലാശാല ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ആന്റ് ഹോസ്പിറ്റല്‍ എപിഡമോളജി ജേണലിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

വൈറസ് ബാധ സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരില്‍ ചിലര്‍ക്ക് ക്വാറന്റൈന്‍ രണ്ടാഴ്ചയിലധികം വേണ്ടി വരുമെന്നുമാണ് പുതിയ പഠനം. അതേ സമയം വൈറസ് ബാധയ്‌ക്കെതിരെ വിവിധ രാജ്യങ്ങള്‍ പിന്തുടരുന്ന ക്വാറന്റൈന്‍ മാതൃകയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഴുതടച്ചതല്ലെന്ന് തെളിയിക്കുന്ന പഠനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ജനുവരി 20നും ഫെബ്രുവരി 12നുമിടയിലെ 175 കേസുകള്‍ പഠിച്ചാണ് ഈ പുതിയ നിഗമനത്തിലെത്തിയിരിക്കുന്നത്. പഠനത്തിനായി ഗവേഷകര്‍ ശരാശരി 41 വയസുള്ള ആളുകളെയാണ് പരിഗണിച്ചത്. ചൈനയിലേക്ക് യാത്രപോയ ഒരു സംഘം ആളുകളുടെയും അവരില്‍ നിന്ന് വൈറസ് ബാധിതരായ മറ്റ് ആളുകളെയും നിരീക്ഷിച്ചാണ് ഈ പഠനം നടത്തിയത്. യാത്ര ചെയ്ത സംഘത്തിലെയും അവരില്‍ നിന്ന് രോഗം പകര്‍ന്നവരുടെയും രോഗ ലക്ഷണങ്ങള്‍ ഏതാണ്ട് സമാനമായിരുന്നു. ഇരു സംഘങ്ങളിലെയും ഏകദേശം 81 ശതമാനം പേരും പനി ലക്ഷണങ്ങളും 40നും 44 ശതമാനത്തിനുമിടയിലുള്ളവര്‍ ചുമ ലക്ഷണങ്ങളും കാണിച്ചു. ചൈനയിലേക്ക് യാത്ര ചെയ്ത സംഘത്തിന്റെ ഇന്‍ക്യുബേഷന്‍ കാലാവധി ഏറ്റവും ചുരുങ്ങിയത് ഒരു ദിവസത്തിനും 3.8 ദിവസത്തിനും ഇടയിലായിരുന്നു.

ഏകദേശം 95% ആളുകളും ഈ ദിവസത്തിനുള്ളില്‍ തന്നെ രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. എന്നാല്‍ യാത്ര ചെയ്യാതെ രോഗം ബാധിച്ചവരുടെ ഇന്‍ക്യുബേഷന്‍ പിരീഡ് 12.1 ദിവസത്തിനും 17.1 ദിവസത്തിനും ഇടയിലായിരുന്നു. ശരാശരി 14.6 ദിവസം. അതായത് ചില രോഗികളിലെങ്കിലും രോഗലക്ഷണങ്ങള്‍ 14 ദിവസത്തിനു ശേഷവും കാണിക്കാം എന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്.

വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് പതിനാല് ദിവസത്തെ ഇന്‍ക്യുബേഷന്‍ പീരീഡാണ് ഇപ്പോള്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം വൈറസ് വ്യാപനത്തെ തടയാന്‍ പതിനാല് ദിവസത്തെ ഇന്‍ക്യുബേഷന്‍ പിരീഡ് പര്യാപ്തമല്ല എന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

Exit mobile version