കൊറോണ ഭീതിയില്‍ ലോകം; വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6500 കടന്നു; രോഗം സ്ഥിരീകരിച്ചത് 1,62,933 പേര്‍ക്ക്

ന്യൂഡല്‍ഹി: നിയന്ത്രിക്കാനാവാതെ ദിനംപ്രതി കൂടുതല്‍ പേരിലേക്ക് പടര്‍ന്ന് പിടിക്കുകയാണ് കൊറോണ വൈറസ്. ലോകത്തെമ്പാടും ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത് 6500ല്‍ അധികം പേരാണ്. 1,62,933 പേര്‍ക്കാണ് ലോകത്താകമാനം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുമ്പോഴും വൈറസിനെ പിടിച്ചുകെട്ടാന്‍ കഴിയാതെ നിസ്സഹായാവസ്ഥയിലായിരിക്കുകയാണ് രാജ്യങ്ങള്‍.

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 115 ആയി ഉയര്‍ന്നു. ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത് രണ്ടുപേരാണ്. രാജ്യത്ത് ഇതുവരെ 13 പേര്‍ രോഗമോചിതരായെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കേരളത്തില്‍ രണ്ടുവിദേശികള്‍ ഉള്‍പ്പടെ 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,944 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 10,655 പേര്‍ വീടുകളിലും, 289 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 2147 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 1514 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നത് ജനങ്ങള്‍ക്ക് ആശ്വാസമേകുന്നു.

ലോകത്താകമാനം 80,000 ത്തിലേറെ പേരാണ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ചൈനയില്‍ മാത്രം 3,199 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ചൈനയ്ക്കു പുറമെ കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. ആകെ 1809പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 368 പേരാണ്.

Exit mobile version